സാക്ഷരതയുള്ള കേരളത്തിൽ അന്ധവിശ്വാസികൾ കൂടുതലെന്ന് വിദ്യാബാലൻ

0
172

ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേരളത്തിൽ അന്ധവിശ്വാസികൾ കൂടുതലാണെന്ന് ബോളിവുഡ് താരം വിദ്യാബാലൻ. ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ ഉള്ളത് സിനിമയിലാണെന്നും താരം വ്യക്തമാക്കി. ആദ്യ ചിത്രമായ ചക്രം 21 ദിവസം ചിത്രീകരിച്ച ശേഷമാണ് മുടങ്ങിയത്. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പിന്നീട് രണ്ടാമത്തെ ചിത്രം മുകേഷിനൊപ്പമായിരുന്നു. കളരി വിക്രമൻ. ആ ചിത്രവും ഇടയ്ക്ക് വെച്ച് മുടങ്ങി. അതോടെ താൻ രാശിയില്ലാത്തവളായി മലയാള സിനിമ മുദ്രകുത്തപ്പെട്ടെന്ന് വിദ്യ പറഞ്ഞു.

രണ്ടാമത്തെ പടവും മോശമായതോടെയാണ് താരം മുംബയിലേക്ക് വണ്ടികയറിയത്. പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചു. അങ്ങനെ പരിചയപ്പെട്ട സംവിധായകനാണ് പരിണീതിയിലേക്ക് വിളിച്ചത്. പക്ഷെ, നിർമാതാവ് താരത്തെ അംഗീകരിച്ചില്ല. എന്നാൽ സംവിധായകൻ ഉറച്ച് നിന്നു. അങ്ങനെയാണ് പരിണീതിയിൽ നായികയായത്. പടം ഹിറ്റായതോടെ വിദ്യാബാലന്റെ സമയവും തെളിഞ്ഞു. ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാറായി താരം വളർന്നു. കഹാനി എന്ന ഒറ്റ ചിത്രം മതി താരത്തിന്റെ ജനപ്രീയത അളക്കാൻ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് വിദ്യാബാലൻ.