സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബേറ്

0
147

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ആർഎസ്എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്.
വെള്ളിയാഴ്ച പുലർച്ചെ 1.10നാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെ ബോംബേറുണ്ടായത്. കാറിൽനിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് എൽഡിഎഫ് ആഹ്വാനം ചെയ്തു.

സ്റ്റീൽബോംബുകളിൽ ഒന്ന് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തി. രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികൾ പിന്നിൽനിന്ന് ബോംബെറിഞ്ഞത്. എ കെ ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികൾ ഓഫീസ് പരിസരത്തെത്തിയത്. അക്രമികൾ പി മോഹനന്റെ കാറിനെ പിന്തുടർന്ന് വരികയായിരുന്നു.

സി.പി.എം ഓഫീസ് പരിസരത്തു നിന്നും പോലീസ് കണ്ടെടുത്ത പൊട്ടാത്ത ബോംബ്‌

പി.മോഹനൻ ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിറങ്ങിയ ഉടനെയായിരുന്നു ബോംബേറ്. പി മോഹനൻ വരുന്നതും കാത്ത് പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഓഫീസിലുണ്ടായ പ്രവർത്തകർ ഓടിവരുമ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു. മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിന്റെ ചില്ലുകൾ തകർന്നു. ബോംബിനകത്തെ ചീളുകൾ ഓഫിസ് വരാന്തയിലേക്ക് തെറിച്ചുവീണു. ഭിത്തിയിലെ നോട്ടിസ് ബോർഡിലേക്ക് ചീളുകൾ തറച്ചിട്ടുണ്ട്.

ആറുപേരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. താനടക്കമുള്ള പ്രവർത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും മോഹനൻകൂട്ടിച്ചേര്‍ത്തു .ആർഎസ്എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം ആരോപിച്ചു. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബാരിക്കേഡ് കെട്ടി.