ഏഞ്ചൽഫിഷ് ഒരു ചെറിയ മീനല്ല…

0
1572

എം. അബ്ദുൾ റഷീദ്

വേറെ പണിയൊന്നും ഇല്ലാത്തവരാണ് കണ്ണാടിക്കൂട്ടിൽ മീൻവളർത്തുന്നത് എന്ന എന്റെ തെറ്റുദ്ധാരണ മാറിയത് അടുത്തിടെ ഒരു മീൻകൂട് സമ്മാനം കിട്ടിയപ്പോഴാണ്. മകളുടെ കൂട്ടുകാരി സമ്മാനം തന്നതായിരുന്നു ആ സ്വർണമീനുകളെ. മീനുകൾ പൂച്ചയെയോ നായയെയോപോലെ കൂട്ടാവുമെന്നും അവ നമ്മെ കാണുമ്പോൾ കൂട്ടത്തോടെ ചില്ലിനരികിലേക്ക് ഓടി വരുമെന്നും എനിക്ക് ഇതുവരെ അറിയുമായിരുന്നില്ല. ഒരുപാട് മനുഷ്യരുടെ മീൻവളർത്തൽ കൗതുകത്തിന്റെ രഹസ്യാനന്ദം എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട്.

എനിക്കല്ല പലർക്കും. വെറും 300 കോടിയുടേത് മാത്രമാണ് ഇപ്പോൾ ഇന്ത്യയിലെ അലങ്കാര മൽസ്യ വിപണി. പക്ഷെ, അടുത്ത കുറച്ചു കൊല്ലത്തിനകം അത് 1200 കോടിയെങ്കിലുമായി വളരുമെണ്ണാണ് കണക്കുകൾ.

ചെറിയ വഴിയോര കച്ചവടക്കാർ, മീനിനെ ഇടുന്ന കണ്ണാടിപെട്ടിയും ഭംഗിക്ക് അതിൽ വെയ്ക്കുന്ന കൗതുകസാധനങ്ങളുമൊക്കെ ഉണ്ടാക്കി വിൽക്കുന്ന കുറച്ചു പേർ… അങ്ങനെ അസംഘടിതമായ ഒരു തൊഴിൽ മേഖലയാണത്. റോഡുസൈഡിലൊക്കെ ചെറിയ കടമുറികളിൽ അക്വേറിയം വിറ്റു ജീവിക്കുന്ന കുറച്ചു പേർ നിലനിർത്തുന്ന ഒരു മാർക്കറ്റ്. ആയിരം രൂപയൊക്കെ ഉണ്ടെങ്കിൽ അഞ്ചാറു കൊച്ചു ഗോൾഡ്ഫിഷ് ഒക്കെയുള്ള ഒരു കുഞ്ഞു ഗ്ലാസ്പെട്ടി വാങ്ങി വീട്ടിൽ കൊണ്ടുവെച്ചു ഭംഗി കാണാവുന്നത്ര ചെറിയ മേഖല.

പക്ഷെ, ആഗോള മാർക്കറ്റിൽ ഇതല്ല അവസ്ഥ. ലോകത്തെവിടെയും ഇത് പണമുള്ളവന്റെ വലിയ കൗതുകമാണ്. നമ്മുടെ വീട്ടിലെ ജനാലയരികിലെ നാല് സ്വർണമീനുകളല്ല അക്വേറിയം. കൂറ്റൻ മാളികകളിലെയും മാളുകളിലെയും വമ്പൻ ദൃശ്യാത്ഭുതങ്ങളുടെ വർണ്ണപ്പകിട്ടാണത്. വർഷം ഒന്നര ലക്ഷം കോടി രൂപ ഒഴുകുന്ന ഗ്ലോബൽ ഹോബിവിപണി. അമേരിക്കയിലേത് മാത്രം ഇപ്പോൾ തന്നെ 2500 കോടി രൂപയുടെ കൗതുകമൽസ്യ വിപണിയാണ്. 150 കോടി ‘ഉന്നതകുല’ മീനുകളാണ് ഒരു വർഷം അമേരിക്കൻ സമ്പന്നർ വാങ്ങുന്നത്. യൂറോപ്പിൽ കമ്പം അതിലും കൂടും. ചൈനയിൽ നന്നായി വളർന്നുവരുന്നുണ്ട്.

ഈയൊരു മാർക്കറ്റിൽ വമ്പന്മാർക്കു കളിക്കാൻ കളമൊരുക്കുന്ന പണി ഏറെ നാളായി ഇന്ത്യയിലും സർക്കാർ തുടങ്ങിയിട്ടുണ്ട്. വൻതോതിൽ അലങ്കാരമൽസ്യങ്ങളെ ഉൽപ്പാദിപ്പിക്കാൻ പത്തു കോടിയുടെ പാർക്ക് ചെന്നൈയിൽ വന്നുകഴിഞ്ഞു. രാജസ്ഥാനിൽ മറ്റൊന്ന് വരുന്നു. മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട് ഡെവലപ്‌മെന്റ് അതോറിറ്റി (MPEDA) അടുത്തിടെ, വൻകിട അലങ്കാര മൽസ്യ ഉത്പാദന സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തു വിൽക്കുന്ന കൗതുക മീനുകളുടെ ഒരു ശതമാനം മാത്രമേ ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ളൂ. അത് പത്തെങ്കിലുമാക്കി ഉയർത്തലാണ് ലക്ഷ്യം.

അങ്ങനെ വളരെ കളർഫുള്ളായ ഒരു ആഗോളവിപണിയിൽ ചെറുകിടക്കാർക്കു സ്ഥാനമില്ല. ആഗോളവൽക്കരണത്തിന് ശേഷം ഒട്ടനവധി തൊഴിൽ മേഖലകളിൽ സംഭവിച്ചതുപോലെ ഈ മാർക്കറ്റിലും സാധാരണക്കാർ തുടച്ചുമാറ്റപ്പെടുകയാണ്.

‘അടച്ചുപൂട്ടി വീട്ടിൽ പോകാൻ’ പറഞ്ഞാൽ ഈ അത്താഴപ്പട്ടിണിക്കാർ കേൾക്കുമോ? അതുകൊണ്ട് ഒരു കർശന നിയമംവെച്ച് പൂട്ടിക്കണം. ലംഘിച്ചാൽ കട സീൽ ചെയ്തു, മീൻ ഭരണികൾ അടിച്ചുപൊട്ടിച്ചു, ഉടമസ്ഥനെ കയ്യാമംവെച്ചു ജയിലിൽ അടയ്ക്കാവുന്നത്ര ശക്തമായ നിയമംകൊണ്ടു പൂട്ടിക്കണം. അതാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.

ഫുൾ ടൈം ഡോക്ടർ, വിശാലമായ ഷോറൂം… ‘നിയമം അനുസരിച്ചു’ വേണ്ടതെല്ലാം ഒരുക്കി ഭീമന്മാർ കാത്തുനിൽപ്പുണ്ട്, ഇന്ത്യൻ ഭംഗിമീൻ വിപണിയിലേക്ക് വരാൻ. ഈ ‘ഐശ്വര്യംകെട്ട ചെറുകിടക്കാരെ’ ഒഴിപ്പിച്ചു ശുദ്ധീകരിച്ച മാർക്കറ്റിൽ കോടികൾ കൊയ്യാൻ മാർക്കറ്റ് സ്റ്റഡികൾ അവർ എന്നേ തുടങ്ങിക്കഴിഞ്ഞു.

Swallow Aquatics എന്നൊരു വമ്പനാണ് ബ്രിട്ടീഷ് വിപണിയിലെ കേമൻ. മീൻ മുതൽ തീറ്റ വരെ എല്ലാം അവർ പല പേരിൽ ഇറക്കുന്നുണ്ട്. അമേരിക്കയിൽ Aqua Nautic Specialist (ANS) കമ്പനി ഉണ്ട്. ഇപ്പോൾ ചൈനവരെ എത്തിയ അവരുടെ വലിയൊരു നോട്ടം ഇന്ത്യയിലേക്കാണ്. വേറെയുമുണ്ട് രണ്ടു ഡസൻ ഗ്ലോബൽ ലീഡേഴ്സ്.

ഇതൊക്കെ പറഞ്ഞു എന്ന് മാത്രം. ഒരു കാര്യവും ഇല്ല. ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളുമൊക്കെതന്നെ നാളെ വമ്പൻ കമ്പനികളുടെ അക്വേറിയങ്ങൾ ഇപ്പോഴത്തേതിന്റെ പത്തിരട്ടി വിലയ്ക്കു വാങ്ങി സ്വീകരണമുറിയിൽ വെയ്ക്കും. അത് വൃത്തിയാക്കാൻ എല്ലാ മാസവും ബ്രാൻഡഡ് കമ്പനിയുടെ സർവീസ് ബോയ് വരും. നമ്മളുതന്നെ അവനു സന്തോഷത്തോടെ സർവീസ്ചാർജും കൊടുക്കും. ഓൺലൈനിൽ ഓർഡർ ചെയ്താൽ അക്വാറിയം ഒരു മണിക്കൂറിനുള്ളിൽ വീട്ടിൽ വരും, വൈകാതെ.

ആഴ്ചയിൽ ഒന്നോ രണ്ടോ അക്വേറിയം വിറ്റു ജീവിക്കുന്ന ഇപ്പോഴത്തെ പാവങ്ങൾക്ക് എത്രയും വേഗം അടച്ചുപൂട്ടി പോകാം. അല്ലെങ്കിൽ വേറെ തൊഴിൽ നോക്കാം. മറ്റു വഴിയൊന്നും ഇല്ലേൽ കെട്ടിതൂങ്ങി ചാവാം. ഈ ‘വളരുന്ന സമ്പദ്വ്യവസ്ഥയിൽ’ സത്യത്തിൽ നിങ്ങളൊക്കെ ഒരു അഭംഗിയാണ്!

നമുക്ക്, കാഴ്ചക്കാർക്ക് തൽക്കാലം കുഴപ്പമില്ല. പക്ഷെ ഓർക്കണേ, ബ്രാൻഡ് ആക്കി വിൽക്കാവുന്ന തൊഴിൽ മേഖലകളുടെ എണ്ണം അലങ്കാര മൽസ്യത്തിൽ തീരുന്നില്ല. അവർ നാളെ നമ്മളെയും തേടിവരികതന്നെ ചെയ്യും..!