കഥകളിലൂടെ ടൂറിസം വിപണനത്തിന്റെ സാധ്യതകളുമായി ഐസിടിടി

0
133

കൊച്ചി: കഥ കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നതുകൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ വാണിജ്യ കേന്ദ്രങ്ങൾ, കല, ഭക്ഷണം എന്നിവയെക്കുറിച്ചൊക്കെയുള്ള കൗതുകകരമായ കഥകളെ എങ്ങിനെ ടൂറിസം വിപണനത്തിന്റെ ഭാഗമാക്കാം എന്നതായിരുന്നു കൊച്ചിയിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജിയുടെ അവസാന ദിവസത്തെ പ്രധാന ആകർഷണം.

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, കേരള ടൂറിസം, ഇന്ത്യ ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് കൊച്ചിയിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.

ചെന്നൈയിലെ സ്റ്റോറിട്രെയിൽസ് എന്ന സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനായ വിജയ് പ്രഭാത് കമലാകാരയാണ് ആർട്ട് ഓഫ് സ്റ്റോറി ടെല്ലിംഗ് എന്ന വിഷയത്തിൽ സംസാരിച്ചത്. ബ്രിട്ടീഷ് കൗൺസിലിന്റെ യുവസംരഭകനുൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണ് വിജയ് പ്രഭാത്.

ഓർമയിൽ നിൽക്കുന്ന അനുഭവങ്ങളും സംഭവങ്ങളുമാണ് യാത്രയ്ക്ക്  മനോഹാരിത നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള കഥാവിവരണങ്ങൾ അവിടത്തെ യാത്രാനുഭവങ്ങളെ സമ്പന്നമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ കാതൽ തന്നെ എന്നും ഓർമ്മയിൽ നിൽക്കുന്ന കഥകളാണെന്ന ് അറ്റോയി പ്രസിഡന്റ് അനീഷ്‌കുമാർ പി കെ  ചൂണ്ടിക്കാട്ടി. ജീവിതകാലം മുഴുവൻ പല തലമുറകളിലേക്കും പകർന്നു നൽകാനാകും. അനുഭവസ്ഥരായ എഴുത്തുകാരുടെ യാത്രാനുഭവങ്ങൾ എന്നും നിലനിൽക്കുന്നതാണ്. ഇത്തരം കഥകളെ വിപണനത്തിനുപയോഗിക്കാൻ ടൂറിസം വ്യവസായത്തിന് കഴിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വീഡിയോ സ്റ്റോറികളെക്കുറിച്ചാണ് ജോർജിയ സ്വദേശി ലോറൻക്ലീലാന്റ് പറഞ്ഞത്. വിഡിയോ കഥകളിലൂടെ ടൂറിസം വ്യവസായം കരുപ്പിടിപ്പിച്ച ഉദാഹരണങ്ങളും അവർ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.

പതിനായിരം വാക്കുകളാണ് ഒരു ചിത്രത്തിൽ പ്രതിധ്വനിക്കുന്നതെങ്കിൽ ദൃശ്യങ്ങൾ ലക്ഷക്കണക്കിനു വാക്കുകളെയാണ് പ്രതിനിധീകരിക്കുന്നത്. ടൂറിസ്റ്റുകൾക്ക് എന്താണ് വാഗ്ദാനം ചെയ്യാനുള്ളതെന്ന് തത്സമയ വീഡിയോയിലൂടെ പറയുന്നതിലൂടെ വിശ്വാസ്യത വർധിക്കുന്നുവെന്ന് ക്ലീലാന്റ് പറയുന്നു.

ഓൺലൈൻ ട്രാവൽ ഏജന്റ് വെബ്സൈറ്റുകൾ, വിശകലനങ്ങൾ, ഉപഭോക്തൃസ്വഭാവം എന്നീ വിഷയങ്ങളും സമാപനദിനത്തിൽ ചർച്ച ചെയ്തു.