കിവീസിനെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ കാത്തിരിക്കുന്നു

0
125

മെഹ്മൂദുല്ലയും ഷാക്കിബും 224 റണ്‍സ് കൂട്ടുകെട്ടിനിടെ

ന്യൂസീലന്‍ഡിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും നേരത്തെ പറഞ്ഞു വിട്ടു കൊണ്ട് ബംഗ്ലാദേശ് കാത്തിരിക്കുന്നു. ഗ്രൂപ്പ് എയില്‍  മൂന്നു പോയിന്റുമായി ഇംഗ്ലണ്ടിനു പിന്നില്‍ ഇടം പിടിച്ച ബംഗ്ലാദേശിന് പക്ഷേ, ഇംഗ്ലണ്ട് ഓസീസിനെ തോല്‍പ്പിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം തുടരാന്‍ ആകൂ.. നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസന്‍, മഹ്മൂദുല്ല എന്നിവരുടെ ശതകങ്ങളാണ് ബംഗ്ലാദേശിനു അഞ്ചു വിക്കറ്റ് ജയം സമ്മാനിച്ചത്‌.

ആദ്യം ബാറ്റ് ചെയ്ത് ന്യൂസീലൻഡ് കുറിച്ച 265 റൺസ് 47.2 ഓവറിൽ ബംഗ്ലദേശ് മറികടന്നു. സെഞ്ചുറി നേടിയ ഷാക്കിബ് അൽഹസനും (114) മഹ്മദുല്ലയുമാണ് (102) ബംഗ്ലദേശിന് നിർണായക വിജയം സമ്മാനിച്ചത്. എ ഗ്രൂപ്പിൽ മൂന്നു പോയിന്റോടെ ബംഗ്ലദേശ് സെമി പ്രതീക്ഷ സജീവമാക്കി. നേരത്തെ, ബാറ്റിങ് ഓൾറൗണ്ടർ മൊസാദെക് ഹുസൈൻ വെറും 13 റൺസിനു മൂന്നു വിക്കറ്റ് നേടിയതു കിവീസ് കുതിപ്പിനു കടിഞ്ഞാണിട്ടു. 21 വയസ്സുകാരൻ മൊസാദെക് വെറും 12 പന്തുകൾക്കിടെയാണു മൂന്നു വിക്കറ്റുമായി ന്യൂസീലൻഡ് ബാറ്റിങ് നിരയെ പ്രതിരോധിച്ചത്. 44-ാം ഓവറിൽ നീൽ ബ്രൂം (36), കോറി ആൻഡേഴ്‌സൺ (പൂജ്യം) എന്നിവരുടെ വിക്കറ്റെടുത്ത മൊസാദെക് 46-ാം ഓവറിൽ ജയിംസ് നീഷമിനെയും (23) പുറത്താക്കി. അവസാന പത്ത് ഓവറിൽ ന്യൂസീലൻഡിനു നേടാൻ കഴിഞ്ഞത് 62 റൺസ് മാത്രം.

ടോസ് നേടി ബാറ്റിങ്ങെടുത്ത ന്യൂസീലൻഡ് മുൻനിര മികച്ച തുടക്കമാണു നൽകിയത്. കെയ്ൻ വില്യംസൺ 69 പന്തുകളിൽ 57 റൺസും റോസ് ടെയ്ലർ 82 പന്തുകളിൽ 63 റൺസും നേടി. വമ്പൻ സ്‌കോറിനുള്ള അടിത്തറയൊരുക്കാൻ കഴിഞ്ഞെങ്കിലും വിക്കറ്റുകൾ തുടർച്ചയായി നിലംപൊത്തിയതു തിരിച്ചടിയായി. കിവീസ് 39 ഓവർ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റിന് 201 റൺസിൽ എത്തിയിരുന്നു. 40 ഓവറിൽ നാലു വിക്കറ്റിന് 203 റൺസ്. പിന്നീടും വിക്കറ്റുകൾ നിലംപതിച്ചതു പ്രതീക്ഷകൾക്കു തിരിച്ചടിയായി.ഗുപ്റ്റിൽ – 33,ലൂക്ക് റോഞ്ചി- 16,കെയ്ൻ വില്യംസൺ  – 57,റോസ് ടെയ്ലർ- 63,നീൽ ബ്രൂം – 36,ജയിംസ് നീഷം – 23,കോറി ആൻഡേഴ്‌സൺ- പൂജ്യം,മിച്ചൽ സാന്റ്‌നർ നോട്ടൗട്ട് – 14,ആദം മിൽനെ – ഏഴ്, ടിം സൗത്തി നോട്ടൗട്ട് – പത്ത് എന്നിങ്ങനെയായിരുന്നു കിവീസ് ബാറ്റ്സ്മാന്മാരുടെ പ്രകടനം.

മറുപടിയിലെ ബംഗ്ലദേശിന്റെ തുടക്കം പതർച്ചയോടെ ആയിരുന്നു . അഞ്ചാം ഓവറിൽ മൂന്നിന് 12 എന്ന പരിതാപകരമായ നിലയിലായിരുന്നു അവർ. സ്‌കോർ 33ൽ എത്തിയപ്പോൾ നാലാം വിക്കറ്റും നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഷാക്കിബും മഹ്മദുല്ലയും ചേർന്നെടുത്ത 224 റൺസ് കൂട്ടുകെട്ട് അവരെ വിജയത്തിലേക്കു നയിച്ചു. ഷാക്കിബ് 115 പന്തിൽ 11 ഫോറും ഒരു സിക്‌സുമടിച്ചു. മഹ്മദുല്ല 107 പന്തിൽ എട്ടു ഫോറും രണ്ടു സിക്‌സും. ന്യൂസീലൻഡിനു വേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റ് വീഴ്ത്തി.