കുട്ടിയുണ്ടായ ശേഷം വിവാഹം മതിയെന്ന് ശ്രുതി ഹാസന്‍

0
658
കുട്ടിയുണ്ടായ ശേഷം വിവാഹം മതിയെന്ന് ശ്രുതി ഹാസന്‍. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റാലിയന്‍ മോഡലുമായി ശ്രുതി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നടന്‍ സിദ്ധാര്‍ത്ഥുമായി മുമ്പ് പ്രണയത്തിലായിരുന്നു ശ്രുതി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദമ്പതികള്‍ കമലാഹാസനും അമ്മ സരികയുമാണെന്നും ശ്രുതി പറയുന്നു. അവര്‍ നല്ല സ്നേഹത്തിലായിരുന്നു. ഇപ്പോഴും അതിന് കുറവൊന്നുമില്ല. ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.
സമൂഹം കല്‍പ്പിച്ച നിയമങ്ങളും വിലക്കുകളും അനുസരിച്ചല്ല അച്ഛനും അമ്മയും ജീവിച്ചത്. അതുകൊണ്ടാണ് തനിക്ക് അവര്‍ പ്രിയപ്പെട്ടവരാകുന്നതെന്നും ശ്രുതി പറഞ്ഞു. കമലാഹാസന്‍ ഗൗതമിയെ കൂട്ടി താമസിച്ചിട്ടും മക്കളായ ശ്രുതിക്കും അക്ഷരയ്ക്കും ഇഷ്ടം കുറഞ്ഞിട്ടില്ല.  സരിക മുംബയിലാണ് താമസമെങ്കിലും ശ്രുതി അവര്‍ക്കൊപ്പമല്ല താമസിക്കുന്നത്. മറ്റൊരു ഫ്‌ളാറ്റിലാണ് താമസം. അനുജത്തി അക്ഷര സരികയ്ക്ക് ഒപ്പമാണ്. അക്ഷരയും സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്. മണിരത്നത്തിന്റെ അസോസിയേറ്റായി അക്ഷര പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിന്ദി, തെലുങ്ക് സിനിമകളുടെ തെരക്കിലാണ് ശ്രുതിഹാസന്‍. കമലാഹാസനെയും സരികയെയും എന്നും വിളിക്കാറുണ്ട്. തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അച്ഛനും  അമ്മയും സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് ശ്രുതി പറയുന്നു. അത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പല മാതാപിതാക്കളും മക്കളില്‍ പലതും അടിച്ചേല്‍പ്പിക്കുകയാണെന്നും പല പ്രശ്നങ്ങള്‍ക്കും കാരണം ഇതാണെന്നും താരം പറയുന്നു.