കെഎസ്ആർടിസിയിൽനിന്നും 210 എംപാനലുകാരെ പിരിച്ചുവിട്ട നടപടി ഗതാഗത മന്ത്രി തോമസ് ചാണ്ടി മരവിപ്പിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം കെഎസ്ആർടിസി എംഡിക്കും ഗതാഗത വകുപ്പിനും നൽകിയതായും മന്ത്രി അറിയിച്ചു.
മാവേലിക്കര, കോഴിക്കോട്, എടപ്പാൾ, ആലുവ എന്നീ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടിരുന്നത്. മാവേലിക്കര റീജണൽ വർക്ക് ഷോപ്പിൽനിന്നും 65 പേരെയും എടപ്പാളിൽനിന്നും 55ഉം കോഴിക്കോടുനിന്നും 35ഉം ആലുവയിൽനിനുനം 55ഉം ജീവനക്കാരെയാണ് പുറത്താക്കിയത്.
ബസ് ബോഡി നിർമ്മാണം നടക്കാത്തതിനാലും പ്രതിസന്ധിമൂലം ഒറ്റ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയുമാണ് എന്നാണ് മാനേജ്മെന്റ് വിശദീകരണം.
നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഒട്ടുമിക്ക തൊഴിലാളികളും രാവിലെ ഡ്യൂട്ടിക്ക് കയറിയ ശേഷം ഉച്ചയ്ക്ക് ജോലിയിൽ പ്രവേശിക്കേണ്ടതില്ല എന്ന് അറിയിക്കുകയായിരുന്നു. പിരിച്ചുവിട്ടവരിൽ ഭിന്നശേഷിക്കാരും 10 വർഷത്തോളമായി ജോലി ചെയ്തുവരുന്നവരുമുണ്ട്.