ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ആണ് ഇൗ ആവശ്യമുന്നയിച്ചത്.
‘‘ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തണമെന്ന് അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്റൈനോടും ഇൗജിപ്തിനോടും ആവശ്യപ്പെടുന്നു. ഇത് കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന െഎ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇൗ രാജ്യങ്ങൾ തയാറാവുമെന്നാണ് പ്രതീക്ഷ’’ -ടില്ലേഴ്സൺ പറഞ്ഞു.
വെള്ളിയാഴ്ച ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി, ടില്ലേഴ്സണുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന.