ഖത്തറിനെതിരെയുള്ള കടുത്ത നടപടികൾ റദ്ദാക്കണമെന്ന് തുർക്കി

0
105

ഇസ്താംബൂൾ: ഖത്തറിനെതിരെയുള്ള കടുത്ത നടപടികൾ റദ്ദാക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് തുർക്കി. തുർക്കി പ്രസിഡന്‍റ് റിസെപ് തായിപ് എർദോഗനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഖത്തറിനെതിരെ നടപടികൾ സ്വീകരിച്ച രാഷ്ട്രങ്ങളുടെ തലവന്മാരുമായി എർദോഗൻ ടെലിഫോണിൽ ചർച്ച നടത്തി.ഖത്തർ ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുണ്ടെന്ന് താൻ കരുതുന്നില്ല. അതിന് വ്യക്തമായ തെളിവുകൾ ലഭിക്കാതെ ഖത്തറിനെതിരെ തുർക്കി നിലപാടെടുക്കില്ല- എർദോഗൻ പറഞ്ഞു.
തർക്കങ്ങളും തമ്മിലടിയുംകൊണ്ട് കാര്യമില്ല, ഖത്തറിനെതിരായ ഉപരോധങ്ങൾ പിൻവലിക്കണം. ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അല്ലാതെ ഇത്തരം കടുത്ത നടപടികളിലൂടെയല്ല- എർദോഗൻ പറഞ്ഞു.
ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് സൗദി അറേബ്യ, ബഹ്റിൻ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിക്കുകയും ഗതാഗത സംവിധാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.