തച്ചങ്കരിക്കെതിരായ അന്വേഷണം ഉന്നത ഉദ്യോഗസ്ഥൻ നടത്തണം: ഹൈക്കോടതി

0
140

കൊച്ചി : നിയമനത്തിൽ ക്രമക്കേട് കാട്ടി എന്നുള്ള പരാതിയിൽ  എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെക്കെതിരായുള്ള അന്വേഷണം സീനിയർ റാങ്കുള്ള  ഉന്നത ഉദ്യോഗസ്ഥൻ നടത്തണമെന്ന് ഹൈക്കോടതി.

തച്ചങ്കരി സുപ്രധാന പദവിയിൽ പോലിസ് ആസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടതിനാൽ ആണ് അന്വേഷണം ഉന്നത റാങ്കുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. വിജിലൻസ് ആണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് വിജിലൻസിലെ ഉന്നത റാങ്കുള്ള ഉദ്യോസ്ഥൻ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

വിജിലൻസ് കേസ് ആയതിനാൽ ഈ അന്വേഷണത്തിനു വിജിലൻസിന്റെ ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബഹറ തന്നെ കേസ് അന്വേഷിക്കേണ്ടി വരും. ടോമിൻ ജെ. തച്ചങ്കരി  ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ യോഗ്യതയില്ലാത്തയാളെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമിച്ചെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം വന്നത്.

ആരോപണത്തെക്കുറിച്ച് പ്രാഥമികാന്വേഷണമാണു പറഞ്ഞിട്ടുള്ളതെന്നും നിലവിൽ കേസില്ലെന്നും കോടതി പറഞ്ഞു. അന്യായ നേട്ടമുണ്ടാക്കുക വഴി അഴിമതി നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാനാണു വിജിലൻസ് കോടതി നിർദേശിച്ചത്. ഈ സാഹചര്യത്തിൽ കീഴ്‌ക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

തങ്ങളുടെ വാദം കേൾക്കാതെ വിജിലൻസ് പ്രാഥമികാന്വേഷണം നിർദേശിച്ചുവെന്ന് ആരോപിച്ചാണു നിയമനം കിട്ടിയ തൃശൂർ ആർടി ഓഫിസിലെ എഎംവിഐ എസ്. ശ്രീഹരി പരാതി നൽകിയത്. എന്നാൽ ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.

ശ്രീഹരി നേടിയ ബി ടെക് ബിരുദം അംഗീകൃതമാണോ എന്ന് പരിശോധിക്കണം. രാജസ്ഥാനിലെ ശ്രീധർ സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണിത്.  ഉന്നത പഠനത്തിനു അവധി എടുത്തോ എന്ന് അന്വേഷിക്കണം. ഹൈക്കോടതി ചൂണ്ടിക്കാട്ടി.