നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഷീ ജിങ് പിങ് ഒഴിവാക്കി

0
122

ബീജിങ്: കസാഖിസ്ഥാനിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ഒഴിവാക്കി.
കസാഖിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയിൽ കസാഖിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി മാത്രം കൂടിക്കാഴ്ച നടത്തി പിങ് ചൈനയിലേയ്ക്ക് മടങ്ങി.

ബലൂചിസ്ഥാനിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നുവെച്ചതെന്നാണ് സൂചന. ബലൂചിസ്ഥാൻ ക്വറ്റയിൽ അടുത്തിടെ രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ചൈനയിൽ വൻ ജനരോഷമുയർന്നിരുന്നു. തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരന്മാരെ ഐഎസ് ഭീകരർ ക്രൂരമായി കൊലചെയ്ത വാർത്തകൾ ഉച്ചകോടിക്ക് മുൻപാണ് പുറത്തുവന്നത്.

നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നീ നേതാക്കളുമായുള്ള ഷീ ജിങ് പിങിന്റെ കൂടിക്കാഴ്ചകൾക്ക് ചൈനീസ് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു.