നാല് സംസ്ഥാന ബിജെപി നേതാക്കള്‍ അഴിമതിക്കാരെന്ന് കേന്ദ്ര നേതൃത്വം

0
42855

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ ഭയപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാനത്തെ നാല് പ്രമുഖ നേതാക്കളെയാണ് ബിജെപി കേന്ദ്ര നേതൃത്വം ഭയപ്പെടുന്നത്. നാലും ഉന്നത നേതാക്കൾ. ഇവർ നടത്താൻ സാധ്യതയുള്ള അഴിമതികളുടെ പേരിലാണ് കേന്ദ്രനേതൃത്വം ഇവരെ ഭയപ്പെടുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ചില പ്രത്യേക രൂപങ്ങള്‍ നല്‍കി ഫണ്ട് അടിച്ചുമാറ്റാനുള്ള ഈ നേതാക്കളുടെ മിടുക്കിനെ കുറിച്ചുള്ള തെളിവ് ശേഖരണത്തില്‍ ആണെന്ന് ഡല്‍ഹിയിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനോട് കേന്ദ്ര നേതൃത്വം വെളിവാക്കി. പ്രധാനമന്ത്രിയുടെ പേരില്‍ ഒരു മണ്ഡലം കമ്മറ്റി വ്യാപാരിയില്‍ നിന്നും അഞ്ചു ലക്ഷം പിരിക്കാന്‍ ശ്രമിച്ചത്‌ പോലുള്ള വഴിവിട്ട സാമ്പത്തീക സമാഹരണമാണ് പാര്‍ട്ടി വളര്‍ത്തുന്നതിനേക്കാള്‍ കേരള നേതാക്കളില്‍ ചിലര്‍ക്ക് താല്പര്യം എന്നാണു കേന്ദ്ര നിരീക്ഷണം.

വടക്കൻ കേരളം മുതൽ മധ്യ കേരളം വരെയുള്ള നേതാക്കളാണ് ഇവർ. ഈ നേതാക്കളെ പേടിച്ചാണ് കേന്ദ്ര നേതൃത്വം ഒഴിവുള്ള കേന്ദ്ര സ്ഥാപനങ്ങളിൽ രാഷ്ട്രീയ നിയമനത്തിനു തയ്യാറാകാത്തത്. ഏതൊക്കെ രീതിയിൽ ഇവർ അഴിമതി നടത്തും എന്ന് കേന്ദ്ര നേതൃത്വത്തിനു ഒരു പിടിയുമില്ല. ഇതിൽ മധ്യ കേരളത്തില്‍ ഉള്ള  ഒരു നേതാവിനെ കറപ്റ്റഡ് നേതാവ് എന്നാണു കേന്ദ്ര നേതൃത്വം വിശേഷിപ്പിക്കുന്നത്. മേക് ഇന്‍ ഇന്ത്യയുടെയും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ തൊഴില്‍ മേളയുടെയും പേരില്‍ നടന്ന ചില സംഭവങ്ങളുടെ വിശദമായ വിവരങ്ങളും കേന്ദ്രത്തിന്‍റെ കൈയ്യിലുണ്ട്‌. ഒരു പ്രമുഖ നടനെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി മേക് ഇന്‍ കേരള എന്ന പേരില്‍ ആഘോഷപൂര്‍വ്വം പ്രഖ്യാപിച്ചു പിന്നീട് ഉപേക്ഷിക്കപെട്ട പദ്ധതിയുടെ വിശദാംശങ്ങള്‍ രേഖാ മൂലം തന്നെ എതിര്‍ ഗ്രൂപ്പ് കേന്ദ്രത്തിനു മുന്നില്‍ എത്തിച്ചിട്ടുണ്ട്.

അഴിമതി കേരളാ ബിജെപി നേതാക്കളെ വിഴുങ്ങുന്ന ഒരു പ്രതിഭാസമായും കേന്ദ്ര ബിജെപി നേതൃത്വം വിലയിരുത്തുന്നു. ഇതേ അഴിമതി തന്നെയാണോ കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കാൻ കാരണമെന്നു വിലയിരുത്തലുണ്ടോ എന്ന് വ്യക്തതയില്ല. കാരണം ഒട്ടുവളരെ ആരോപണങ്ങൾ ഭരണം ഇല്ലാതിരുന്നിട്ടും കേരളാ ബിജെപി നേതാക്കളെ ചൊല്ലി ഉയർന്നിട്ടുണ്ട്. ഒരു തദ്ദേശ സ്ഥാപനത്തില്‍ പോലും അംഗമല്ലാതിരുന്നിട്ടും തൃശൂര്‍ ജില്ലയിലെ ഒരു ഉന്നത നേതാവിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അഴിമതി ആരോപണം ഉയര്‍ന്നതാണ് പരിഗണനയില്‍ ഉള്ള മറ്റൊന്ന്. അനധികൃതമായി ഭൂമി വാങ്ങി കൂട്ടി എന്നതില്‍ ഉള്‍പ്പെടെ അന്വേഷണം നേരിടുകയുമാണ് ആ നേതാവ്. അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിലും ഇത്തരം ആരോപണങ്ങള്‍ ദേശീയ പ്രസിഡന്റിനു മുന്നില്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന കാര്യാലയത്തിന്റെ നിര്‍മാണ ചുമതല മാറ്റി നല്‍കണമെന്നും അല്ലെങ്കില്‍ ഒരു നേതാവ് ഫണ്ട് അടിച്ചു മാറ്റുമെന്നും ഷായോടു നേരിട്ട് തന്നെ ചിലര്‍ ധരിപ്പിച്ചതായിട്ടാണ് വിവരം.

കേന്ദ്ര സ്ഥാപനങ്ങളിൽ നിയമനം മാത്രമല്ല കേന്ദ്ര സർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസൽ നിയമനങ്ങളും നടത്താൻ കേന്ദ്ര നേതൃത്വം മടിച്ച് നിൽക്കുകയാണ്. ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ കേസുകളിൽ കേന്ദ്രത്തെ പ്രതിനിധീകരിക്കുന്നത് യുപിഎ സർക്കാർ നിയമിച്ച അഭിഭാഷകരാണ്. ഇവർ മാറിയിട്ടില്ല. മാറ്റുമ്പോൾ കടന്നു വരുന്ന അഴിമതിയാണ് നേതൃത്വം ഭയക്കുന്നത്. കേരളാ ഭരണം പിടിക്കാനൊന്നും കേരള നേതൃത്വത്തിനു പ്രാപ്തിയുണ്ടെന്ന് അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ കരുതുന്നില്ല. അതാണ് അമിത് ഷാ നേരിട്ടെത്തി എൻഡിഎ രൂപവത്ക്കരിച്ചതും ചർച്ചകൾ ഡൽഹി കേന്ദ്രമാക്കി നടത്തുന്നതും. ഇപ്പോൾ കേരളാ സന്ദർശനം കഴിഞ്ഞു പോകുമ്പോൾ അമിത് ഷാ പറഞ്ഞത് ഇനി വരുമ്പോൾ എന്റെ ജന്മദിന ദിവസമാണ് വരുന്നത്. അപ്പോഴെങ്കിലും കേരളത്തിൽ നിന്ന് നല്ല വാർത്ത കേൾക്കാൻ കഴിയണം എന്നാണ്.

ഇപ്പോഴത്തെ സന്ദർശത്തിന്നിടയിലും കേരളാ നേതൃത്വത്തിന്റെ ചെവിക്ക് പിടിച്ച് കുടയാൻ അമിത് ഷാ മടിച്ചതും ഇല്ല. കേരളം ഇല്ലെങ്കിൽ പരിഗണന വേറെ സ്റ്റേറ്റിനു നൽകും എന്നാണ് ക്ഷുഭിതനായി അമിത് ഷാ പ്രതികരിച്ചത്. കേരളം പിടിക്കാൻ കഴിവില്ലാത്തവർ വെറുതെ കേന്ദ്ര ഭരണത്തിന്റെ ഗുണം നുകരേണ്ട എന്ന തീരുമാനം പൊതുവേ കേന്ദ്രത്തിന്നുണ്ട്.  അതുകൊണ്ട് കേന്ദ്രത്തിന്റെ കേരളാ പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. കേന്ദ്രത്തിന് കേരളത്തിലെ ബിജെപിക്ക് നൽകാമായിരുന്ന മന്ത്രി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. എന്തിനു കേരള ബിജെപി നേതൃത്വത്തെ പ്രമോട്ട് ചെയ്യണം എന്നാണ് കേന്ദ്ര ബിജെപി ആലോചന. അധികാരം പിടിക്കാതെ നേട്ടം കൊയ്യാൻ ഇവർ സമർത്ഥരാണ് എന്ന നിഗമനത്തിൽ കേന്ദ്ര നേതൃത്വം എത്തുകയും ചെയ്തിരിക്കുന്നു.

രണ്ടു എംപിമാർ ബിജെപിക്ക് കേരളത്തിൽ ഉണ്ട്. രണ്ടും രാജ്യസഭാ എംപിമാർ. അതിൽ സുരേഷ് ഗോപിയെ പ്രധാനമന്ത്രി തന്നെ നേരിട്ട് എംപിയാക്കിയതാണ്. ഒരാൾ റിച്ചാർഡ് ഹേ ആംഗ്ലോ ഇന്ത്യൻ ക്വാട്ടയിലുള്ള എംപിയും. കേരളത്തിൽ ഭരണം ഇല്ലെങ്കിലും കേന്ദ്ര ഭരണം ഒരു കച്ചിത്തുരുമ്പ് ആക്കിയാണ് നേതാക്കൾ അഴിമതിക്ക് വഴിയോരുക്കാറുള്ളത്. മുൻപും കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ പെട്രോൾ പമ്പ് അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജെപി നേതാക്കൾ അഴിമതി കാട്ടിയതായി ആരോപണമുയർന്നിരുന്നു.കേരളത്തിലെ ബിജെപി തന്റെ ചൊൽപ്പിടിയിലാക്കി ഭരണം നടത്തിയിരുന്ന പി.പി.മുകുന്ദനെതിരെ ഇന്ന് എംഎൽഎ യായി തുടരുന്ന ഒ.രാജഗോപാൽ ഒരു പ്രമുഖ മാഗസിനിൽ ആരോപിച്ചത് പി.പി.മുകുന്ദന്റെ ദാവൂദ് ഇബ്രാഹിം ബന്ധമായിരുന്നു. മാഗസിനിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ നടത്തിയ അഭിമുഖത്തിലാണ് ഒ.രാജഗോപാൽ അന്ന് പി.പി.മുകുന്ദനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചത്.  അഭിമുഖം ബിജെപിയിൽ നിന്നും പി.പി.മുകുന്ദൻ നിഴ്കാസിതനാകുന്നതിലും, ഒടുവിൽ പുറത്താകുന്നതിലും വഴിവെച്ചു. ബിജെപിയുടെ സംസ്ഥാന കാര്യാലയം തിരുവനന്തപുരത്ത് വാങ്ങുന്നതിൽ അന്ന് ഒരു പ്രമുഖ പങ്ക് വഹിച്ച മുകുന്ദനെ, അതേ സ്ഥലത്ത് പുതിയ കാര്യാലയത്തിനു കഴിഞ്ഞ ദിവസം അമിത് ഷാ തറക്കല്ലിടുമ്പോൾ ക്ഷണിക്കാതിരുന്നത് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന് കത്തെഴുതിയാണ് മുകുന്ദൻ പ്രതിഷേധം അറിയിച്ചത്.