പപ്പടം കഴിക്കും മുൻപ് ഇത് അറിയുന്നത് നല്ലത്

0
733

പപ്പടത്തിൽ ചേർക്കാനായി എത്തിച്ച അലക്കുകാരത്തിന്റെ വൻശേഖരം പാലക്കാട്ടെ സ്വകാര്യഗോഡൗണിൽ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മേപ്പറമ്പ് ബൈപാസിലെ സ്വകാര്യ ഗോഡൗണിൽ നിന്നാണ് മധുരയിൽ നിന്നെത്തിച്ച 26 ചാക്ക് അലക്കുകാരം പിടികൂടിയത്. അര കിലോവീതമുളള 1300 പായ്ക്കറ്റാണ് ഉണ്ടായിരുന്നത്്. പപ്പടം നിർമിക്കാൻ ഉപയോഗിക്കുന്ന ഉഴുന്നുമാവിനൊപ്പമാണ് കാരം വിൽപന നടത്തിയിരുന്നത്.
സാധാരണ കാരം ഉപയോഗിച്ച് പപ്പടം നിർമ്മിക്കുമ്പോൾ മൂന്നോ നാലോ ദിവസം മാത്രമേ കേടുകൂടാതെ സൂക്ഷിക്കാനാകൂ. അതേ സമയം അലക്കുകാരം ഉപയോഗിച്ചാൽ പപ്പടം കാച്ചുമ്പോൾ ചുവക്കില്ലെന്നു മാത്രമല്ല ഒന്നര ആഴ്ച വരെ കേടാകാതെ ഇരിക്കും. ഇതിന് വേണ്ടി സൂക്ഷിച്ച കാരമാണ് പിടിച്ചെടുത്തത്. പപ്പടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉഴുന്നുമാവിനൊപ്പമാണ് കാരം വിതരണം ചെയ്യുന്നത്. സാധാരണ പപ്പട നിർമ്മാണത്തിന് സോഡിയം ബൈ കാർബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക. ഇന്നലെ പിടിച്ചെടുത്തത് സോഡിയം കാർബണേറ്റ് അടങ്ങിയ അലക്കുകാരമാണ്. ഇതിന്റെ തുടർച്ചയായ ഉപയോഗം കാൻസറിനു വരെ കാരണമാകും.

പായ്ക്കറ്റിനു പുറത്ത് വ്യാവസായിക ആവശ്യത്തിനു മാത്രം എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴിൽ അലക്കുകാരം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ വെറും കാരം എന്നാണ് എഴുതിയിട്ടുള്ളത്. അരക്കിലോ പായ്ക്കറ്റിന് 36 രൂപയാണ് വില. യഥാർഥ കാരത്തിന് ഇതിലേറെ വിലവരും. ചെറുകിട പപ്പട നിർമ്മാതാക്കൾക്ക് അലക്കുകാരം വിതരണം ചെയ്യുന്നത് തെറ്റിധരിപ്പിച്ചാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വീടുകളിലും മറ്റുമുള്ള ചെറുകിട പപ്പട നിർമ്മാതാക്കളിൽ ഭൂരിഭാഗംപേർക്കും ഇതിന്റെ ദോഷവശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം.