പരിസ്ഥിതിലോല വിജ്ഞാപനം: കുടകില്‍ ബന്ദ്

0
99

കുടകിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ തലക്കാവേരി, ഭാഗമണ്ഡല ഭാഗങ്ങളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതില്‍ പ്രതിഷേധിച്ചുള്ള അനിശ്ചിതകാല ബന്ദ് വെള്ളിയാഴ്ച ആരംഭിച്ചു. സ്ഥലത്ത് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കസ്തൂരിരംഗന്‍ വിരോധി ഹോരട്ട സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ഈ രണ്ടു പ്രദേശങ്ങളെയും പരിസ്ഥിതിലോലമേഖലയില്‍ ഉള്‍പ്പെടുത്താനും ഇവിടുത്തെ ബഫര്‍ സോണിന്റെ വിസ്തൃതി ഒരു കിലോമീറ്ററില്‍നിന്ന് 16 കിലോമീറ്ററായി വര്‍ധിപ്പിക്കാനും തീരുമാനിച്ച് കേന്ദ്ര വനം- പരിസ്ഥിതിമന്ത്രാലയം മേയ് 15-ന് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ബന്ദ് നടക്കുന്നത്. ഭാവിനടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഭാഗമണ്ഡലയില്‍ തിങ്കളാഴ്ച പൊതുയോഗം നടത്താന്‍ ബന്ദിന് ആഹ്വാനം ചെയ്തവര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്രസര്‍ക്കാര്‍തീരുമാനത്തെ പരിസ്ഥിതിസംഘടനകള്‍ സ്വാഗതം ചെയ്തു. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് 60 ദിവസത്തെ സമയം കേന്ദ്രം നല്‍കിയിട്ടുണ്ട്.

മടിക്കേരിയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തലക്കാവേരി കാവേരിനദിയുടെ ഉത്ഭവസ്ഥാനമാണ്. മടിക്കേരിയില്‍നിന്ന് 37 കിലോമീറ്റര്‍ ദൂരെയുള്ള ഭാഗമണ്ഡലയിലാണ് പ്രശസ്തമായ ഭാഗണ്ഡേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത്.