പ്രണയിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അപർണ ബാലമുരളി

0
289

ആരും പ്രണയിക്കാതിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് നടി അപർണ ബാലമുരളി. പ്രണയിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളുമില്ല. എന്നാൽ അതിന് ശേഷമുള്ള തീരുമാനങ്ങളാണ് പ്രധാനം. പ്രണയം വിവാഹത്തിലെത്തുമ്പോൾ സൂക്ഷിക്കണം. അത് നല്ലതും ഉറപ്പുള്ളതുമായ തീരുമാനമാകണം. വിവാഹ ശേഷം ഭാവിജീവിതം ഭദ്രമാകുന്നതിനെ കുറിച്ച് സീരിയസായി ആലോചിക്കണം. ഇതൊന്നുമില്ലാതെ വിവാഹത്തിലേക്ക് വന്നാൽ പക്വതയില്ലായ്മയുടെ പേരിൽ പല പ്രശ്‌നങ്ങളും കുഴപ്പങ്ങളും ഉണ്ടാകുന്നു. പ്രണയരസം ജീവിതത്തിന്റെ സീരിയസ് ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോഴും സൂക്ഷിക്കാനാവണം. അതാണ് ജീവിതവിജയം.

മഹേഷിന്റെ പ്രതികാരത്തിലെ പ്രണയം എനിക്കിഷ്ടമാണ്. കാരണം അത് വളരെ ഇന്നസെന്റായിട്ടുള്ള പ്രണയമാണ്. അതിൽ ചതിയില്ല, വഞ്ചനയില്ല. എന്നാൽ പറയാനുള്ള കാര്യങ്ങൾ നായകനും നായികയും പരസ്പ്പരം പറയുകയും ചെയ്യും. അത്തരം പ്രണയങ്ങളാണ് ജീവിതത്തിൽ എന്നും വിജയിച്ചിട്ടുള്ളത്. ഞാനൊരു ആർകിടെക് വിദ്യാർത്ഥിയായത് കൊണ്ട് പറയാം. പ്രണയത്തിനും ഒരു ആർകിടെക്ച്ചർ ഉണ്ട്. അത് കാത്ത് സൂക്ഷിക്കുക എളുപ്പമല്ല.  ഇന്നെല്ലാവരും പ്രായോഗിക ജീവിതത്തിന്റെ വക്താക്കളാണ്. പ്രത്യേകിച്ച് യുവാക്കൾ. ഒരാണും പെണ്ണും കണ്ടുമുട്ടുമ്പോൾ ചുമ്മാ പ്രണയിക്കുകയല്ല. അവർ പരസ്പ്പരം മനസിലാക്കും. അടുത്തറിയും. അതിനൊക്കെ ശേഷമേ പ്രണയം ഉണ്ടാകൂ.

അതായത് കംഫർട്ടബിൾ സോണിൽ നിന്നുള്ള പ്രണയം. അത് പ്രാക്ടിക്കലുമാണ്. ഓൺലൈൻ ചാറ്റിംഗിലൂടെയും മറ്റും പ്രണയിച്ച് ഒളിച്ചോടിയെന്ന വാർത്ത കേൾക്കാറുണ്ട്. അത് പക്ഷെ, പക്വതയില്ലാത്ത കൊണ്ടാണ്. അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരിക്കും. വീട്ടിലെ അന്തരീക്ഷം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കൗമാരകാലത്തെ. സ്വന്തം കാലിൽ നിലയുറപ്പിച്ചിട്ട് പ്രണയിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് അപർണാ ബാലമുരളി.