ഫസല്‍ വധം; ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ മൊഴി പോലീസ് തല്ലിപ്പറയിപ്പിച്ചത്; സുബീഷ്

0
114

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന മൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ്. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ മൊഴി പോലീസ് തല്ലിപ്പറയിപ്പിച്ചതെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ പുറത്തുവന്ന മൊഴികള്‍ പൊലീസ് തന്നെ മര്‍ദിപ്പിച്ച് പറയിപ്പിച്ചതാണ്. കുടുംബത്തെയടക്കം കുടുക്കുമെന്നും പൊലീസ് പല തവണ ഭീഷണിപ്പെടുത്തി. ഡിവൈഎസ്പി സദാനന്ദന്റെയും ജിന്‍സ് എബ്രഹാമിന്റെയും നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തന്നെ ക്രൂരമായി മര്‍ദിച്ചതും മൊഴി പറയാന്‍ നിര്‍ബന്ധിച്ചതും. പൊലീസ് എഴുതി തയ്യാറാക്കി കൊണ്ടുവന്ന കുറിപ്പുകള്‍ താന്‍ വായിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ കുടിക്കാന്‍ വെളളം പോലും തരാതെ തലകീഴായി നഗ്നനായി കെട്ടിത്തൂക്കി തന്നെ പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്നും സുബീഷ് പറഞ്ഞു. താന്‍ കസ്റ്റഡിയില്‍ ഉളളപ്പോള്‍ സിപിഐഎം നേതാവ് ജയരാജന്‍ അടക്കമുളളവര്‍ പൊലീസിനെ വിളിച്ചിരുന്നു. മൂന്ന് ദിവസം ആദ്യം കസ്റ്റഡിയില്‍ വെച്ചിരുന്നു.

പിന്നീട് ആറുദിവസം കൂടി പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി. പൊലീസ് എഴുതി തയ്യാറാക്കിയ മൊഴി വായിക്കാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചു. ഇതിന് സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ഫസലിനെ തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും സുബീഷ് പറഞ്ഞു. പണവും ഭാര്യയ്ക്ക് ജോലിയും തരാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തു. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടതിന് ഒടുവിലാണ് മൊഴി നല്‍കുന്നത്. ഇതിനായി ക്യാമറ അടക്കമുളള സജ്ജീകരണങ്ങള്‍ പൊലീസ് തയ്യാറാക്കിയിരുന്നുവെന്നും സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സുബീഷിന് പിന്നാലെ ആര്‍എസ്എസിന്റെ മറ്റൊരു നേതാവ് കൂടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു.

ഫസല്‍വധം നടത്തിയത് ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളടങ്ങിയ ഓഡിയോ, വീഡിയോ ക്ലിപ്പാണ് ഇന്നലെ കോടതിയില്‍ നല്‍കിയത്.