ബാലതാരം ഗൗരവ് മേനോന്റെ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് നിർമ്മാതാവും സംവിധായകനും

0
132

കൊച്ചി: കോലുമിഠായി സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം നൽകാതെ കബളിപ്പിച്ചുവെന്ന ബാലതാരം ഗൗരവ് മേനോന്റെ ആരോപണങ്ങൾ തള്ളി സംവിധായകനും നിർമാതാവും രംഗത്ത്. ചിത്രത്തിൽ പ്രതിഫലം ഇല്ലാതെ തന്നെ അഭിനയിക്കാമെന്ന് കരാറിൽ ഒപ്പിട്ടതിന് ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ അറിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ അരുൺ വിശ്വവും നിർമാതാവ് അഭിജിത് അശോകനും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അവാർഡ് ജേതാവായ ബാലതാരം ഗൗരവ് വാർത്ത സമ്മേളനം നടത്തിയത്. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റ് പോയതിന് ശേഷം അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് നിർമാതാവ് സമ്മതിച്ചെന്നും പിന്നീട് വാക്ക് പാലിച്ചില്ലെന്നുമായിരുന്നു ആരോപണം. എന്നാൽ ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് ഗൗരവ് സമ്മതിച്ചതാണെന്ന് നിർമാതാവും സംവിധായകനും പറഞ്ഞു.

40 ലക്ഷം മുതൽമുടക്കിയെടുത്ത കോലുമുട്ടായി ഏഴ് ദിവസം മാത്രമാണ് തിയറ്ററിൽ പ്രദർശിപ്പിച്ചത്. ചിത്രം നഷ്ടങ്ങൾ മാത്രമാണ് സമ്മനിച്ചതെന്നും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് മാത്രമാണ് ആകെയുണ്ടായ നട്ടമെന്നും അവർ പറഞ്ഞു. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് ഗൗരവ് സമ്മതിച്ചതാണ്. പിന്നീട് വിവാദങ്ങളുണ്ടാകരുതെന്ന് കരുതിയാണ് അന്ന് കരാറിൽ ഒപ്പിട്ട് വാങ്ങിയത്. ഒരിക്കൽ പോലും പണം നൽകാമെന്ന് വാഗ്ദാനം നടത്തിയിട്ടില്ല. എന്നിട്ടും ചിത്രത്തിന്റെ ഷൂട്ടിംഗ് സമയങ്ങളിൽ യാത്രപടിയായി 30,000 രൂപയോളം ഗൗരവിന്റെ പിതാവ് വാങ്ങിയതായി നിർമാതാവ് അഭിജിത് അശോകൻ പറഞ്ഞു.

ഭക്ഷണം പോലും നൽകാതെയാണ് സിനിമ ഷൂട്ട് ചെയ്തതെന്ന് ആരോപണങ്ങൾ സംവിധായകൻ അരുൺ വിശ്വം നിഷേധിച്ചു. ഷൂട്ടിംഗ് സമയത്ത് ആർട്ടിസ്റ്റുകൾക്ക് അത്തരത്തിലുള്ള  ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു. ഭക്ഷണവും യാത്ര സൗകര്യങ്ങളും കൃത്യമായി ഒരുക്കിയിരുന്നു.  ഗൗരവിനെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത് മാതാപിതാക്കളുടെ സമ്മർദ്ദമാണെന്ന് സംശയിക്കുന്നു. മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാനുള്ള ഇവരുടെ ശ്രമങ്ങൾക്ക് ഗൗരവ് അറിയാതെ ഇരയാവുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ചിത്രത്തിൽ പ്രധാനകഥാപാത്രം അവതരിപ്പിച്ച മാസ്റ്റർ ആകാശ് ഉൾപ്പെടെയുള്ള മറ്റ് ബാലതാരങ്ങളും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.