ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

0
142

ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്റെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. വടകര വള്ളിയോടുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കല്ലേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികൾ പറഞ്ഞു.

അഞ്ചു മിനിട്ടോളം കല്ലേറുണ്ടായി. അടുത്തുള്ള വീട്ടുകാർ ലൈറ്റിട്ടപ്പോൾ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സജീവനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.ഇന്നലെ ജില്ലയിൽ നടന്ന ഹർത്താലിൽ നിരവധി പാർട്ടി ഓഫീസുകളും വാഹനങ്ങളും തകർത്തിരുന്നു.വെള്ളിയാഴ്ച പുലർച്ചെ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറുണ്ടായതിനെത്തുടർന്നാണ് എൽ.ഡി.എഫ്. ജില്ലയിൽ ഹർത്താൽ നടത്തിയത്. വടകര, കൊയിലാണ്ടി താലൂക്കുകളിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിലും ഹർത്താൽ നടത്തിയിരുന്നു.

ഹർത്താലിൽ കോഴിക്കോട് ലിങ്ക് റോഡിൽ ബി.എം.എസ്. ജില്ലാ കമ്മിറ്റി ഓഫീസ് തകർത്തു. മതിൽ, ജനൽ, കസേര, വാട്ടർടാങ്ക്, വാഷ്‌ബേസിൻ തുടങ്ങിയവയെല്ലാം പൊളിച്ചു. ഫയലുകളും സാധനങ്ങളും കിണറ്റിലിട്ടു. മസ്ദൂർ ഭാരതി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർത്തു. ഒരാൾക്ക് പരിക്കേറ്റു. കുരുക്ഷേത്ര പുസ്തകവിൽപനശാല, എ.ബി.വി.പി. ജില്ലാ കമ്മിറ്റി ഓഫീസ്, കൗൺസിലർ നവ്യാ ഹരിദാസിന്റെ ഓഫീസ് എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി.

വെള്ളിയാഴ്ച വൈകീട്ട് നഗരത്തിൽ ബി.ജെ.പി, ആർ.എസ്.എസ്. അനുകൂല സംഘടനകൾ നടത്തിയ പ്രതിഷേധപ്രകടനത്തിലും അക്രമങ്ങളുണ്ടായി. ആനിഹാൾ റോഡിലുള്ള കേരള താലൂക്ക് കള്ളു ചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം ഓഫീസിന്റെ ചില്ല് തകർത്തു. ഓഫീസ് മുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളുടെ ചില്ല് കമ്പിവടികൊണ്ട് അടിച്ചുതകർത്തു.

രാഷ്ട്രീയസ്വയംസേവക് സംഘം നേതാവ് ജനിൽ കുമാറിന്റെ ചെറുവണ്ണൂരിലെ ഫ്ളക്സ് പ്രിന്റിങ് ഓഫീസ് അടിച്ചു തകർത്തു. ബി.ജെ.പി. ബേപ്പൂർ മണ്ഡലം ഓഫീസിനുനേരെ കല്ലേറുണ്ടായി. കൊളത്തറ, പാലക്കുളം ഭാഗങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തു. ചെറുവണ്ണൂരിൽ സി.പി.എം. ഓഫീസിനു നേരേയും ആക്രമണം ഉണ്ടായി. രാമനാട്ടുകരയിൽ പോലീസ് എയ്ഡ്‌പോസ്റ്റിന്റെ ചില്ലുകൾ ഹർത്താലനുകൂലികൾ തകർത്തു. കാരാടുപറമ്പ് ബി.ജെ.പി. ഓഫീസ് തീയിട്ടു.

ആർ.എസ്.എസ്. വടകര ജില്ലാ കാര്യാലയത്തിനു നേരേ ബോംബേറുണ്ടായി. വടകരമേഖലയിൽ മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾക്കു നേരേ കല്ലേറുണ്ടായി. ബാലുശ്ശേരിയിൽ വൈകീട്ട് സി.പി.എം-ആർ.എസ്.എസ്. സംഘർഷം ഉണ്ടായി. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാവിലെ ഇരുപാർട്ടികളുടേയും ഓഫീസിനുനേരേ ആക്രമണം ഉണ്ടായിരുന്നു. ആർ.എസ്.എസ്. താലൂക്ക് കാര്യാലയത്തിനു നേരേയും ആക്രമണം ഉണ്ടായി. കഴിഞ്ഞദിവസം തിരുവള്ളൂരിൽ രാത്രി എട്ടുമണിയോടെ ബോംബേറുണ്ടായി. ലീഗ് ഓഫീസ് തകർത്തു. പോലീസിനുനേരേയും ആക്രമണം ഉണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും കൊടികളും ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു.