മധ്യപ്രദേശില്‍ സമാധാനത്തിനായി മുഖ്യമന്ത്രി ഉപവാസം ആരംഭിച്ചു

0
80

മധ്യപ്രദേശില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉപവാസം ആരംഭിച്ചു. ഇന്നു മുതല്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ താന്‍ ഉപവസിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായവില നല്‍കണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉപവാസം ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍, വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കുകയാണ് വേണ്ടതെന്നാണ് കര്‍ഷകരുടെ അഭിപ്രായം. പതിനൊന്ന് മണിമുതല്‍ ശിവരാജ് സിങ് ചൗഹാന്‍ കര്‍ഷകരുമായി കൂടിക്കാഴ്ചയും ആരംഭിച്ചു. അതിനിടെ, കര്‍ഷക പ്രതിഷേധം തലസ്ഥാനമായ ഭോപ്പാലിലേക്കും പടര്‍ന്നു. പലയിടത്തും കല്ലേറ് ഉണ്ടായി. ചിലര്‍ ട്രക്കിന് തീയിട്ടു.

പൊലീസ് വാഹനങ്ങള്‍ക്കുനേരെയും പൊലീസുകാര്‍ക്ക് നേരെയും ജനങ്ങളുടെ ഭാഗത്ത് നിന്നും കയ്യേറ്റം ഉണ്ടായി. പല സ്ഥലത്തും നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഷക പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടും മുന്‍കരുതലെടുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.