മഹാരാഷ്ട്രയിലും കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു

0
107

കാർഷിക ഉൽപന്നങ്ങൾക്ക് അടിസ്ഥാന വില നിർണയിക്കുക, കടം പൂർണമായും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമായി എട്ടു ദിവസമായി സമരം ചെയ്യുന്ന മഹാരാഷ്ട്രയിലെ കർഷകർ സമരം ശക്തമാക്കാനൊരുങ്ങുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ തിങ്കളാഴ്ച സർക്കാർ ഓഫിസുകൾ ഉപരോധിക്കാനും ചൊവ്വാഴ്ച ട്രെയിൻ തടയാനുമാണ് തീരുമാനം. ഇതിനിടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ അനങ്ങാപ്പാറ നയത്തിൽ ക്ഷുഭിതനായ കർഷക നേതാവ് ബച്ചു കാടു എം.എൽ.എ ബോംബ് ഭീഷണിയുമായി രംഗത്തെത്തി.
കർഷക കടം എഴുതിത്തള്ളിയില്ലെങ്കിൽ താൻ ഭഗത് സിങ്ങായി മാറുമെന്നും മുഖ്യമന്ത്രിയുടെ വീടിന് ബോംബെറിയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സമരം തുടങ്ങി 48 മണിക്കൂറിനകം 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടത്തിയ അനുരഞ്ജനനീക്കം കർഷകർ തള്ളിക്കളയുകയായിരുന്നു. തുച്ഛമായ ഭൂമിയുള്ള കർഷകരുടെ കടം മാത്രമാണ് ഇതുപ്രകാരം എഴുതിത്തള്ളുക. മുഴുവൻ പേരുടെയും കടം എഴുതിത്തള്ളിയാൽ ലക്ഷം കോടിയിലേറെ രൂപയുടെ അധിക ബാധ്യത സർക്കാറിനുണ്ടാകും. കടം എഴുതിത്തള്ളുന്നതിനെതിരെ റിസർവ് ബാങ്കും സർക്കാറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമരം തുടരവേ, പിടിച്ചുനിൽക്കാനാകാതെ കർഷകർ കുഴങ്ങുകയാണ്. മുൻവർഷങ്ങളിലേതിനെക്കാൾ വിളവെടുപ്പ് നടന്ന വർഷമാണിത്. എന്നാൽ, ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനാകുന്നില്ല. ഇത് കർഷകരെ കൂടുതൽ പട്ടിണിയിലേക്കാണ് നയിച്ചത്. സമരം തുടങ്ങിയ ശേഷം സംസ്ഥാനത്ത് ഏഴ് കർഷകർ ആത്മഹത്യ ചെയ്തു. സോലാപൂരിലെ വിട്ട് ഗ്രാമത്തിലെ കർഷകൻ ധനഞ്ജയ് ജാദവി!!െൻറ ആത്മഹത്യ സർക്കാറിനെ കുഴക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വരാതെ തന്‍റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ. മുഖ്യമന്ത്രി വിളിച്ച് ആശ്വസിപ്പിച്ച ശേഷമാണ് ബന്ധുക്കൾ സംസ്‌കരിച്ചത്. ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ അനുവദിച്ച് സമര ത്തിൻറെ ഗതി മാറ്റുകയാണ് കർഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ ക്രാന്തി മോർച്ച.