മാണിക്കെതിരായ മുഖപ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു: എം.എം.ഹസ്സന്‍

0
98

വീക്ഷണം ദിനപത്രത്തില്‍ കെ.എം. മാണിക്കെതിരായി വന്ന മുഖപ്രസംഗത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. പാര്‍ട്ടിയുടെ അഭിപ്രായമല്ല വീക്ഷണത്തിലെ മുഖപ്രസംഗത്തിലേത്. മാണിക്കെതിരായ മുഖപ്രസംഗത്തിലെ ഉള്ളടക്കത്തോട് യോജിക്കുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

‘മാണി എന്ന മാരണം’ എന്ന പേരിലായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗം. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് മാണിയെന്നും രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ലെന്നും പത്രം പറഞ്ഞിരുന്നു. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. ഇത് വിവാദമായതോടെയാണ് എംഎം ഹസന്‍ പത്രത്തിന്റെ നിലപാടിനെ തള്ളിക്കളഞ്ഞ് രംഗത്ത് വന്നത്.

മാണിക്ക് എല്‍ഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് വീക്ഷണത്തിന്റെ മുഖപ്രസംഗം.