കാണ്‍പൂര്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം മകളെ മാതാപിതാക്കള്‍ ബലി നല്കി. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55), പുഷ്പ(50) എന്നിവരാണ് മകളെ ബലി നല്‍കിയത്. 15 വയസ്സുകാരിയായ മകളെ ബലിയായി നല്കിയാല് അഞ്ചു കിലോ സ്വര്‍ണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് മാതാപിതാക്കള്‍ സ്വന്തം മകളെ കൊല ചെയ്യാന്‍ സമ്മതം നല്‍കിയതെന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടിലായിരുന്നു ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്. തുടര്‍ന്ന് മഹാവീറിന്റെ ഡ്രൈവറായ കൃഷ്ണ ശര്‍മ എന്ന മന്ത്രവാദി, മകളെ ബലി നല്കിയാല് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു കിലോ സ്വര്‍ണം ലഭിക്കുമെന്ന് അറിയിച്ചു. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് മഹാവീറും ഭാര്യയും മകളെ ബലി നല്കാന് തീരുമാനിച്ചു.
തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെയും കൂട്ടി കുടുംബം അന്നപൂര്‍ണ ക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥനകള്‍ക്കു ശേഷം പെണ്‍കുട്ടിയെ പ്രദേശത്തുള്ള ആല്‍മരത്തിനു ചുവട്ടിലെത്തിച്ച് ബോധം കെടുത്തി. നഗ്നയാക്കി പൂജകള്‍ ചെയ്തു. തുടര്‍ന്ന് ബലി പൂര്‍ത്തിയാക്കുന്നതിനായി രക്ഷിതാക്കളുടെ മുന്നില്‍വച്ചുതന്നെ കവിതയെ ശ്വാസംമുട്ടിച്ചു കൊന്നു. ഈ കൊടുക്രൂരതയ്ക്ക് രക്ഷിതാക്കള്‍ സാക്ഷികളുമായി.
അതിനുശേഷം മൃതദേഹം സമീപത്തുള്ള പാടത്ത് ഉപേക്ഷിച്ചു. രക്ഷിതാക്കളെ ആല്‍മരത്തിനു സമീപം നിര്‍ത്തിയശേഷം കുട്ടിയുടെ മൃതദേഹം മറവുചെയ്യാനെന്ന പേരില്‍ മന്ത്രവാദി മൃതദേഹവുമായി സമീപത്തെ പറമ്പിലേക്കു പോയെന്നും അവിടെവച്ച് മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. പിന്നീട് കുട്ടിയുടെ കഴുത്ത് മുറിച്ച് രക്തം ശേഖരിച്ച് അത് സമര്‍പ്പിച്ച് ബലി പൂര്‍ത്തിയാക്കി.
പൂജയ്ക്ക് ശേഷം സ്വര്‍ണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്, കൃഷ്ണ ശര്‍മ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് മഹാവീര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
വിശദമായ ചോദ്യം ചെയ്യലിലാണ് കൊടുംക്രൂരത പുറംലോകം അറിയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലാണ്.