ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ വെമുല, ജെഎന്‍യു, കാശ്മീര്‍ ചിത്രങ്ങള്‍ക്ക് കേന്ദ്ര വിലക്ക്

0
86

കേരള അന്താരാഷ്‌ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ മൂന്ന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്. ജൂണ്‍ 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ നിന്നും രോഹിത് വെമുല, ജെഎന്‍യു, കാശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതായി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രലായമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചത്.

രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയാണെന്ന് കമല്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദ് സര്‍വകലാശലയില്‍ ജാതി പീഡനത്തെ തുടര്‍ന്ന്‍ ജീവനൊടുക്കിയ ദളിത്‌ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ കുറിച്ചുള്ള ‘ദ അണ്‍ബെയറബിള്‍ ബിയിംഗ് ഓഫ് ലൈറ്റനെസ്‌’ (സംവിധാനം – പിഎന്‍ രാമചന്ദ്ര), കാശ്മീര്‍ വിഷയം പ്രതിപാദിക്കുന്ന ‘ഇന്‍ ദ ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍’ (സംവിധാനം – എന്‍സി ഫാസില്‍, ഷോണ്‍ സെബാസ്റ്റ്യന്‍), ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച് (സംവിധാനം – കാത്തു ലൂക്കോസ്) എന്നീ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. മൂന്നും മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.