ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ സെമിയിൽ

0
110

ഓവൽ: നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അനായാസം മറികടന്ന് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ കടന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ബൗളർമാരും ഫീൽഡർമാരും മനോഹരമായി കളിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 191 റൺസിൽ എറിഞ്ഞിടുകയായിരുന്നു. മറുപടിയിൽ 72 പന്തും എട്ട് വിക്കറ്റും അവശേഷിക്കെ ഇന്ത്യ സെമിയിലേയ്ക്കുള്ള കടമ്പ അനായാസമാക്കി.
83 പന്തിൽ 78 റൺസ് എടുത്ത ശിഖർ ധവാനാണ് ടോപ് സ്‌കോറർ. ഓപ്പണർ രോഹിത് ശർമ്മയെ(12) തുടക്കത്തിൽ നഷ്ടമായെങ്കിലും കോഹ്‌ലിയും ധവാനും ചേർന്ന് ഇന്ത്യയെ ജയത്തോടടുപ്പിക്കുകയായിരുന്നു. സ്‌കോർ 151ൽ നിൽക്കെ ധവാൻ പുറത്തായി. പിന്നീടെത്തിയ യുവരാജും കോഹ്‌ലിയും ലക്ഷ്യം അനായാസം കടന്നു. 101 പന്തിൽ 76 റൺസ് നേടി കോഹ്‌ലിയും 25 പന്തിൽ 23 റൺസ് നേടി യുവരാജും പുറത്താകാതെ നിന്നു.
മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റിംഗ് നിര ദയനീയമായി തകർന്നടിഞ്ഞതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. 76 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഡി കോക്കും ഹാഷിം ആംലയും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്കായി നൽകിയത്. പിന്നീടെത്തിയ ഡുപ്ലിസസ്(36) അല്ലാതെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. മില്ലർ(1), മോറിസ്(4), ഫെഹ്‌ലുക്വായോ(4), റബാഡ(5), മോർക്കൽ(0), ഇമ്രാൻ താഹിർ(1) എന്നിവർ നിസാര സ്‌കോറിന് പുറത്തായി. ഭുവനേശ് കുമാറും ഭൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും പാണ്ഡ്യയ്ക്കും ജഡേജക്കും ഓരോ വിക്കറ്റ് കിട്ടി.