ചാമ്പ്യൻസ് ട്രോഫി: ഓസ്‌ട്രേലിയ പുറത്ത്

0
127

ലണ്ടൻ: ഓസ്‌ട്രേലിയ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമിയിലെത്താതെ പുറത്ത്. നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനോട് 40 റൺസിന് തോറ്റാണ് ഓസീസിൻറെ മടക്കം. മഴയും ഇംഗ്ലണ്ടും ഒരേപോലെ നിറഞ്ഞാടിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ട് ജയിച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇംഗ്ലണ്ട് 40.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എന്ന നിലയിൽ നിൽക്കെ മഴയെത്തി. ഒടുവിൽ വിജയലക്ഷ്യം 201 ആയി പുതുക്കി നിശ്ചയിച്ചു. അപ്പോൾ ഇംഗ്ലണ്ട് 40റൺസിന് മുന്നിലായിരുന്നു. സ്‌കോർ: ഓസ്‌ട്രേലിയ 277/9, ഇംഗ്ലണ്ട് 240/4. ബെൻ സ്റ്റോക്‌സാണ് കളിയിലെ താരം.

നേരത്തെ ട്രവിസ് ഹെഡിന്റെയും(71 നോട്ടൗട്ട്), ആരോൺ ഫിഞ്ച് (68), സ്റ്റീവ് സ്മിത്ത് (56) എന്നിവരുടെ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ഒസീസ് 278 റൺസ് നേടിയത്. 42.3 ഓവറിൽ 5 വിക്കറ്റിന് 239 റൺസ് എന്ന നിലയിൽ ബാറ്റ് വീശിയ ഓസീസ് 46.4 ഓവറിൽ 9 വിക്കറ്റിന് 254 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയും വാലറ്റവുമാണ് ഓസീസിനെ ചതിച്ചത്.

മറുപടിയിൽ ആറ് റൺസ് എടുത്തപ്പോഴേക്കും ഓപ്പണർമാർ പുറത്തായി. ഓയിൻ മോർഗനും ബെൻ സ്റ്റോക്‌സും നേടിയ 159 റൺസ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 109 പന്തിൽ 13 ബൗണ്ടറിയും രണ്ടു സിക്‌സറുമുൾപ്പെടെ സ്‌റ്റോക്‌സ് 102 റൺസുമായി പുറത്താകാതെ നിന്നു. മോർഗൻ 81 പന്തിൽ എട്ടു ഫോറും അഞ്ച് സിക്‌സും ഉൾപ്പെടെ 87 റൺസ് നേടി.
ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യൻമാരായി ആതിഥേയരായ ഇംഗ്ലണ്ടും, രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശും സെമിയിൽ കടന്നു.