ജിഎസ്ടി: സിനിമാ ടിക്കറ്റ് ഉൾപ്പെടെ 66 ഇനങ്ങൾക്ക് നികുതി കുറച്ചു

0
158

സിനിമാ ടിക്കറ്റ് ഉൾപ്പെടെ 66 ഇനങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം. പുതിയ തീരുമാനത്തിൽ ഇൻസുലിൻ, കശുവണ്ടി, കയർ, അഗർബത്തതി എന്നിവയുടെ നികുതി കുറയും. 12ൽ നിന്നും ഇവയുടെ നികുതി അഞ്ച് ശതമാനമാക്കി. കമ്പ്യൂട്ടർ പ്രിന്റർ, സ്‌കൂൾ ബാഗ്, കൺമഷി എന്നിവയുടെ നികുതി 28ൽ നിന്നും 18 ശതമാനമായി കുറയും. നേരത്തെ 12 ശതമാനമായിരുന്ന കുട്ടികളുടെ കളറിംഗ് ബുക്കുകൾക്കും നികുതി കുറച്ചു.
നാല് സ്ലാബുകളായിട്ടായിരിക്കും ജിഎസ്ടി നികുതി ഏർപ്പെടുത്തുക 5, 12, 18, 28 ശതമാനം നിരക്കിലായിരിക്കും പുതിയ സ്ലാബുകൾ. ഏറ്റവും കുറഞ്ഞത് 5ഉം കൂടുതൽ 28ഉം ആയിരിക്കും നികുതി.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകൾക്ക് നികുതി 28ൽ നിന്നും 18 ശതമാനമാക്കി. 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനം നികുതി തുടരും.
എന്നാൽ ലോട്ടറി ടിക്കറ്റ് നികുതിയുടെ കാര്യത്തിൽ തീരുമാനമായില്ല. 133 വസ്തുക്കൾക്ക് നിരക്ക് കുറയുമെന്നാണ് ജിഎസ്ടി കൗൺസിലിന് മുന്നിൽ ആവശ്യം വന്നത്. തിങ്കളാഴ്ച വീണ്ടും യോഗം ചേരും.