തലസ്ഥാനത്ത് വീണ്ടും ചക്കമഹോൽസവം

0
199

തിരുവനന്തപുരം: കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോൽസവം എത്തുന്നു. ജൂൺ 30 മുതൽ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോൽസവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, വെള്ളായണി കാർഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതൻ, പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകർ. പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കുന്നത്. കഴിഞ്ഞവർഷം കനകക്കുന്നിൽ നടന്ന ചക്ക മഹോൽസവത്തിന്റെ വിജയത്തെ തുടർന്നാണ് ഈ വർഷവും മേള സംഘടിപ്പിച്ചിരിക്കുന്നത്. 30-ന് രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അനന്തപുരി ചക്കമഹോൽസവം ഉദ്ഘാടനം ചെയ്യും.

തേൻ വരിക്ക, ചെമ്പരത്തി വരിക്ക, നാടൻ വരിക്ക, മുള്ളൻ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ താരങ്ങൾ. 300ൽപ്പരം രുചിയേറുന്ന ചക്ക വിഭവങ്ങൾ മാത്രമുള്ള ഫുഡ്കോർട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതോടൊപ്പം സെമിനാറുകൾ, പ്ലാവിൻ തൈ വിൽപ്പന, ജൈവോൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയിൽ അണിനിരക്കുന്നുണ്ട്.

വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികൾ ഉൾപ്പെടെയുള്ള ‘ചക്ക ഊണ്’ മേളയുടെ ആദ്യദിവസം മുതൽ അവസാനദിവസം വരെയുണ്ടാകും. ചക്ക സാമ്പാർ, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്ക ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്ക് പുറമേ ഊണിനുള്ള മറ്റ് വിഭവങ്ങൾക്കും ചക്ക രുചിയുണ്ടാകും. ഊണിനൊപ്പം ചക്ക പായസവുമുണ്ട്.

വൈകുന്നേരം ചായക്കൊപ്പം കഴിക്കാനുള്ള ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചർ, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയുടെ വിൽപ്പനയും പ്രദർശനവുമുണ്ടാകും. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ട്. ചക്ക സ്‌ക്വാഷുകൾ, ചക്ക ജാമുകൾ എന്നിവയുടെ വിൽപ്പനയും പാചക പരിശീലനവും പ്രദർശനത്തിലുണ്ട്.

രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങൾ വിശദീകരിക്കുന്ന സെമിനാറുകളിൽ കൃഷിആരോഗ്യആയുർവേദ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. മേളയോട് അനുബന്ധിച്ച് ചക്കപ്പഴം തീറ്റ മൽസരം ഉൾപ്പെടെ കൗതുകകരമായ വിവിധ മൽസരങ്ങളും നടത്തുന്നുണ്ട്.  ”നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും” എന്ന വിഷയത്തിലാണ് ചിത്രരചന, ഫോട്ടോഗ്രഫി, പോസ്റ്റർ രചനാ മൽസരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് മേളയുടെ അവസാനദിനം സമ്മാനങ്ങളും നൽകും.

പ്രദർശനം കാണാനെത്തുന്നവർക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്യും. വിവിധ ദിവസങ്ങളിലായി മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖർ, സിനിമാതാരങ്ങൾ എന്നിവർ മേള സന്ദർശിക്കും. എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. അനന്തപുരി ചക്ക മഹോൽസവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.