കൊച്ചി: കൊച്ചിയിനിന്നു മത്സ്യബന്ധനത്തിനുപോയ ബോട്ട് ഇടിച്ചുതകർത്ത വിദേശ കപ്പലിന്റെ കപ്പിത്താനെതിരേ നരഹത്യക്കു കേസ് രജിസ്റ്റർ ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എംപി.ദിനേശ്. മാരിടൈം നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വിദേശ കപ്പലിനെതിരേ ചുമത്തുന്നത്. കപ്പൽ കൊച്ചിയിലേക്കു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണെന്നും ചോദ്യംചെയ്യലിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും കമ്മിഷണർ അറിയിച്ചു.
പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എന്ന കപ്പലാണ് കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനുപോയ കാർമൽ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകർത്തത്. ഇടിച്ചശേഷം കപ്പൽ നിർത്താതെ പോയി. അപകടമുണ്ടാക്കിയ കപ്പൽ കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയോടെ ഈ ബോട്ട് കൊച്ചിയിലേക്കു എത്തിക്കാനാണ് കോസ്റ്റ്ഗാർഡ് ശ്രമിക്കുന്നത്. പുതുവൈപ്പിനിൽനിന്നു 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
അപകടത്തിൽ രണ്ടു പേർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ എത്തിയവരാണ് രക്ഷപ്പെടുത്തിയത്.