ബോട്ടിൽ ഇടിച്ചത് പനാമ ചരക്ക് കപ്പൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി

0
154

കൊച്ചി: മൽസ്യബന്ധത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് കാണാതായ തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചിൽ സ്വദേശി തമ്പിദുരൈ, അസം സ്വദേശി രാഹുൽ എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ള മറ്റൊരു തൊഴിലാളിയായ മോഡിക്കായി തിരച്ചിൽ തുടരുകയാണ്.

പുലർച്ചെ രണ്ടരയോടെയാണ് പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ അപകടമുണ്ടാത്. അപകടമുണ്ടായപ്പോൾ മറ്റൊരു ബോട്ട് ഇവർക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മൽസ്യബന്ധന ബോട്ട് പൂർണമായും തകർന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫോർട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.

പനാമയിൽ നിന്നുള്ള ചരക്കുകപ്പൽ ആംബർ ആണ് അപകടമുണ്ടാക്കിയത്. കപ്പൽ പിടിച്ചെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപ് മൽസ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കപ്പലുകൾ കടുന്നു പോകുന്ന വഴിയിൽ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.

ബോട്ടിൽ ഇടിച്ച കപ്പൽ ലൈറ്റുകൾ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതു മനസ്സിലാക്കി കാണാതായ കപ്പലിന് വേണ്ടി തെരച്ചിൽ തുടങ്ങി. റഡാർ ദൃശ്യങ്ങൾ പരിശോധിച്ചാണ് നാവിക സേന കപ്പലിനെ കണ്ടെത്തുകയായിരുന്നു.