സർക്കാരിന്റെ ബ്രാൻഡ് അംബാസഡർമാരായി ഭിന്നശേഷിയുള്ള കുട്ടികൾ

0
257


ഭിന്ന ബൗദ്ധിക ശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയ ശേഷം സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ബ്രാൻഡ് അംബാസഡർമാരായി നിയമിക്കുന്നു.  ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉപരാഷ്ട്രപതി ഹമീദ് അൻസാരി നാളെ നടത്തും. ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി എന്നീ രോഗങ്ങളുള്ള 23 വിദ്യാർത്ഥികളെയാണ് സർക്കാർ ”അനുയാത്ര” പദ്ധതിയുടെ ഭാഗമാക്കുന്നത്.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും അതോടൊപ്പം, ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമാണ് പദ്ധതി.  തിരുവനന്തപുരത്തെ മാജിക് അക്കാദമിയിൽ 23 കുട്ടികൾക്ക് മാജികിൽ പരിശീലനം നൽകിയിരുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് ഇതിന് നേതൃത്വം നൽകിയത്.

തിരുവനന്തപുരം ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിൽ നിന്നും സ്‌പെഷൽ സ്‌കൂളുകളിൽ നിന്നുമാണ് കുട്ടികളെ തിരഞ്ഞെടുത്തത്. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷ മിഷന്റെയാണ് അനുയാത്ര പദ്ധതി. ഇതിൽ മാജിക് അക്കാദമി, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവരും ഭാഗമാകുന്നുണ്ട്.