സർവീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാർ കോടതിയെ സമീപിക്കുന്നത് വിലക്കി കെഎസ്ഇബി

0
85

തിരുവനന്തപുരം: സർവീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാർ നേരിട്ട് കോടതിയിൽ പോകരുതെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡിന്റെ സർക്കുലർ. സർവീസ് സംബന്ധമായ തർക്കങ്ങൾ ബോർഡിലെ ത്രിതല സംവിധാനം പ്രയോജനപ്പെടുത്തി പരിഹരിക്കണമെന്നാണ് സർക്കുലറിലെ ആവശ്യം. കോടതിയിൽ പോയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. നടപടി ഭയന്ന് സർക്കുലറിനോട് പ്രതികരിക്കാൻ പോലും ജീവനക്കാർ തയ്യാറായിട്ടില്ല.

ലൈൻമാൻ മുതൽ ചീഫ് എൻജിനീയർവരെയുള്ളവർ ഈ ആഭ്യന്തര തർക്ക പരിഹാര സംവിധാനം ഉപയോഗിക്കണമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. അല്ലാത്ത പക്ഷം വകുപ്പ്തല നടപടി ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരോ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരും സമപിക്കേണ്ട തർക്ക പരിഹാര സംവിധാനങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്.ജീവനക്കാർ സർവീസ് സംബന്ധമായ കാര്യങ്ങൾക്ക് കോടതിയെ സമീപിക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്നാണ് ബോർഡ് പറയുന്നത്. മാത്രമല്ല നിലവിലെ സംവിധാനത്തിൽ പലകാര്യങ്ങളിലും തൃപ്തികരമായ വിശദീകരണം നൽകാൻ ബോർഡിന് സാധിക്കുന്നില്ലെന്നും ബോർഡ് പറയുന്നു. ഫലത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമമാണ് കെഎസ്ഇബിയിലെ അവസ്ഥയെന്ന് ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. സർക്കുലറിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ചില യൂണിയനുകൾ.