അന്തർ സംസ്ഥാന നദീജലകേസുകൾ ഫലപ്രദമായി നടത്താൻ നടപടിയുണ്ടാകും: മുഖ്യമന്ത്രി

0
96

കേരളം ജലസുഭിക്ഷ സംസ്ഥാനമല്ലെന്നും സംസ്ഥാനത്തിന് അർഹമായ ജലം ലഭ്യമാക്കുന്നതിന് ഗൗരവപൂർണമായ ഇടപെടലുകളുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്നുള്ള ഒരു പൊതു സമീപനം നമുക്കുണ്ടാവണം. അന്തർ സംസ്ഥാന നദീജല കേസുകൾ കൈകാര്യം ചെയ്യാൻ സംസ്ഥാന താത്പര്യം എല്ലാ അർത്ഥത്തിലും സംരക്ഷിക്കുമെന്നുറപ്പുള്ള ഏറ്റവും പ്രഗദ്ഭരായ സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.

അവരെ സഹായിക്കാൻ പരിചയ സമ്പന്നരായ അഭിഭാഷകരെ സംസ്ഥാനത്തും നിയോഗിക്കും. ഇതു കൂടാതെ സർക്കാർ തലത്തിലും ഉദ്യോഗസ്ഥർ തമ്മിലും നടത്തേണ്ട ചർച്ചകൾ ഫലപ്രദമായി നടക്കണമെന്നും സംസ്ഥാന താത്പര്യം സംരക്ഷിക്കലാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന നദീജല കരാറുകളും നദീജല വിഷയങ്ങളും കേരളത്തിനുള്ള ജല ലഭ്യതയും സംബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷമുണ്ടായേക്കാം. എന്നാൽ സംഘർഷങ്ങളിലേക്കു പോകാതെ മറ്റു സംസ്ഥാനങ്ങളുമായി മാന്യമായി കാര്യങ്ങൾ ചർച്ച ചെയ്യുക എന്ന നിലപാടാണ് സർക്കാരിനുള്ളത്.

മുഖ്യമന്ത്രി എന്ന നിലയിൽ, ഈ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തയച്ചത് നല്ല ചുവടുവയ്പായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നദീ ജലം സംബന്ധിച്ച് കോടതിയിലും പുറത്തുമുള്ള തർക്കങ്ങൾ രമ്യമായി പരിഹരിച്ച് അവകാശപ്പെട്ട ജലം നേടിയെടുക്കുക എന്നത് സർക്കാരിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്വമാണെന്ന് സ്വാഗതപ്രസംഗത്തിൽ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡീഷണൽ ചീഫ് സെക്രട്ടറി ടിങ്കു ബിസ്വാൾ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, സുപ്രീം കോടതി സ്റ്റാൻഡിംഗ് കൗൺസൽ ജി. പ്രകാശ്, അന്തർ സംസ്ഥാന നദീജല ഉപദേശക സമിതി ചെയർമാൻ വി.ജെ. കുര്യൻ, സമിതിയംഗങ്ങളായ ജലസേചന വകുപ്പിലെ റിട്ട. ചീഫ് എഞ്ചിനീയർ രമ, കെ.എസ്.ഇ.ബി. റിട്ട. ചീഫ് എഞ്ചിനീയർ ശേഷയ്യർ തുടങ്ങിയവർ സംബന്ധിച്ചു.