ഉപരാഷ്ട്രപതിക്കു മുന്നിൽ അനുയാത്രാ സംഘത്തിന്റെ ഇന്ദ്രജാലം

0
119

കൈതെളിഞ്ഞ ഇന്ദ്രജാലക്കാരെപ്പോലെ അവർ വേദിയിൽ നിറഞ്ഞു. ഉപരാഷ്ട്രപതിക്കും ഗവർണർക്കും മുഖ്യമന്ത്രിക്കും മുന്നിൽ അവർ കൺകെട്ടു വിദ്യകളുടെ കെട്ടഴിച്ചു. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഭിന്നശേഷിയുള്ള കുട്ടികളുടെ മാജിക് ആസ്വദിച്ചത്. മാജിക്കിനൊടുവിൽ ഉപരാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ കുഞ്ഞുങ്ങൾക്കൊപ്പം നിന്ന് സദസിനെ അഭിവാദ്യം ചെയ്തു. ഭിന്നശേഷിയുള്ളവർക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അനുയാത്ര പദ്ധതിയുടെ നിർവഹണോദ്ഘാടന ചടങ്ങിലാണ് മാജിക് അവതരിപ്പിച്ചത്. രാഹുലും ശിൽപയും ഉണ്ണികൃഷ്ണനും ആദിത്യനും ആത്മജയും അഖിലേഷുമെല്ലാം മികച്ച അവതരണമാണ് നടത്തിയത്. മാജിക്കിനൊപ്പം ത്രസിപ്പിക്കുന്ന സംഗീതവും നൃത്തവും അകമ്പടിയായുണ്ടായിരുന്നു. ചീട്ടുകെട്ടുകളുടെ എണ്ണം കൂട്ടുന്നതും ഒഴിഞ്ഞ പാത്രത്തിൽ നിന്ന് വർണ്ണക്കടലാസുകളുണ്ടാക്കുന്നതും ഞൊടിയിടയിൽ വസ്ത്രത്തിന്റെ നിറം മാറ്റുന്നതും പെട്ടെന്ന് പെൺകുട്ടിയെ പ്രത്യക്ഷപ്പെടുത്തുന്നതുമുൾപ്പെടെയുള്ള മാജിക്കുകൾ സദസ് കൗതുകത്തോടെയാണ് കണ്ടിരുന്നത്. നൈസർഗിക വാസനകളെ ഉണർത്തുന്നതിന് മാജിക് ഉപയോഗിക്കുന്നത് ഈ കുട്ടികൾ സവിശേഷ ശേഷിയുള്ളവരാണെന്ന് ലോകത്തെ അറിയിക്കുന്നതിനുള്ള ഏറ്റവും സൃഷ്ടിപരമായ മാർഗമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് അക്കാഡമിയിൽ മൂന്നു മാസത്തെ പരിശീലനം നേടിയ ശേഷമാണ് കുട്ടികൾ വേദിയിൽ കയറിയത്.