ഐഎസ്എല്ലിൽ ഇനി പത്തു ടീമുകൾ; തിരുവനന്തപുരം ടീമില്ല

0
153


ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ അടുത്ത സീസൺ മുതൽ പത്ത് ടീമുകൾ. ഐ ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ ജെ.എസ്.ഡബ്ല്യുവിന്റെയും ടാറ്റയുടെയും ടീമുകളാണ് ഐ.എസ്.എല്ലിൽ പുതിയ സീസണിൽ കളിക്കാനിറങ്ങുന്നത്. ടാറ്റ സ്റ്റീൽസ് ജംഷഡ്പൂർ ആസ്ഥാനമാക്കിയും ജെ.എസ്.ഡബ്ല്യു ബെംഗളൂരു ആസ്ഥാനമാക്കിയുമാകും പ്രവർത്തിക്കുക.

അതേസമയം തിരുവനന്തപുരത്തുനിന്നും ടീം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഉണ്ടാകില്ല. നിലവിൽ കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ കളിക്കുന്നുണ്ട്.

ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിന്റെ ഭാഗമാകുന്നതോടെ ഐ ലീഗിൽ നിന്ന് പിന്മാറാനാണ് സാധ്യത. എങ്കിലും ഐ-ലീഗും ഐ.എസ്.എല്ലും സമാന്തരമായി നടത്താനും തത്സമയ ടെലികാസ്റ്റ് നടത്താനും എ.ഐ.എഫ്.എഫ് തീരുമാനിച്ചിട്ടുണ്ട്. വർഷങ്ങളായി മികച്ച അക്കാദമിയുള്ള ടാറ്റയുടെ ഐ.എസ്.എല്ലിലേക്കുള്ള വരവ് ഇന്ത്യൻ ഫുട്ബോളിനു ഗുണം ചെയ്യും.

ഐലീഗ് ടീമുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ലേലത്തിൽ നിന്ന് പിന്മാറിയതോടെയാണ് പുതിയ ടീമുകളുടെ എണ്ണം രണ്ടിൽ ഒതുങ്ങിയത്. കഴിഞ്ഞ ദിവസം ഐ.എസ്.എല്ലിന് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ  എ.എഫ്.സി അംഗീകാരം നൽകിയിരുന്നു. ഐ.എസ്.എൽ വിജയികൾക്ക് എ.എഫ്.സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്യും.