ഒരു ജനകീയ തീരുമാനം കൂടി ,ക്യാൻസർ, ഹൃദ്രോഗം, പക്ഷാഘാതം മരുന്നുകള്‍ ഫ്രീ

0
132

ക്യാൻസർ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങൾക്കുള്ള വിലയേറിയ മരുന്നുകൾ മുഴുവനും സൌജന്യമായി മെഡിക്കൽ കോളേജുകളിൽ ലഭ്യമാക്കാൻ തീരുമാനം. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ മരുന്നുകൾ മുഴുവൻ സൌജന്യമായി ലഭ്യമാകുന്നതോടെ മെഡിക്കൽ കോളേജുകളിൽ പുറത്തേക്കുള്ള ‘കുറിപ്പടി’ പൂർണമായി ഇല്ലാതാകും. നിലവിൽ വിവിധ സഹായപദ്ധതികൾ വഴി സർക്കാർ നൽകുന്ന മരുന്നുകൾക്ക് പുറമെയാണ് വൻവിലയുള്ള മരുന്നുകൾ മുഴുവൻ എത്തിക്കാനുള്ള തീരുമാനം.രണ്ടാംവർഷത്തിലേക്ക് പ്രവേശിച്ച ജനകീയ സർക്കാർ കേരളത്തിന്റെ ആതുരസേവന മേഖലയിൽ നടപ്പാക്കുന്ന മഹത്തായ ചുവടുവയ്പായി തീരുമാനം മാറും.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശാനുസരണം 125 കോടി രൂപ ഇതിനു മാത്രമായി മാറ്റിവയ്ക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) തീരുമാനിച്ചു. വലിയ സാമ്പത്തിക ബാധ്യതയാകുമെങ്കിലും സർക്കാരിന്റെ വാർഷികസമ്മാനം നിർധന രോഗികളിലെത്തിക്കാൻ കോർപറേഷൻ സത്വര ടെൻഡർ നടപടികൾ ആരംഭിച്ചു. ക്യാൻസറിന് അനിവാര്യമായ ‘റിറ്റ്ക്‌സുമാബ്’ എന്ന മരുന്നിന് ഒരു ഡോസിന് 45,000 രൂപവരെയാണ് വില. ഹൃദ്രോഗത്തിനുള്ള തൈറുഫിബാൻ എന്ന മരുന്നിന് ഡോസിന് 25,000 രൂപ വിലയുണ്ട്. പക്ഷാഘാതത്തിനുള്ള ടെനിറ്റ്പ്‌ളാസ്റ്റിന് 30,000 രൂപയോളം വിലയുണ്ട്. ഇത്തരം 245 തരം മരുന്ന് വാങ്ങാനാണ് തീരുമാനം. ടെൻഡർ നടപടികൾക്കായി 55 മരുന്നുകമ്പനി പ്രതിനിധികളുടെ യോഗം തലസ്ഥാനത്ത് ചേർന്നു. ടെൻഡർ പൂർത്തിയാക്കി ആഗസ്ത് ഒന്നിന് മെഡിക്കൽ കോളേജുകളിൽ മരുന്നെത്തിക്കും. രണ്ടാംഘട്ടമായി ജില്ലാ ആശുപത്രികളിലും മരുന്നെത്തിക്കാൻ തീരുമാനമുണ്ടെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ ജനറൽ മാനേജർ എസ് ആർ ദിലീപ് കുമാർ പറഞ്ഞു.