ബോട്ട് ഇടിച്ചു തകര്‍ത്ത വിദേശ കപ്പലിന്റെ രേഖകള്‍ പിടിച്ചെടക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കപ്പലിലെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ആംബര്‍ എന്ന കപ്പലിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കൊച്ചി തീരത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ ഈ വിദേശ ചരക്കുകപ്പലിടിച്ച് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കഴിഞ്ഞ ദിവസം കാണാതാകുകയും ചെയ്തിരുന്നു. കൊച്ചിക്ക് വടക്കു പടിഞ്ഞാറ് 30 നോട്ടിക്കല്‍മൈല്‍(55 കിലോമീറ്റര്‍) അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കപ്പല്‍ചാലില്‍നിന്ന് മാറ്റി നങ്കൂരമിട്ട ബോട്ടിലേക്ക് കപ്പല്‍ വന്നിടിക്കുകയായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. കപ്പലില്‍നിന്ന് മുന്നറിയിപ്പ് ഹോണ്‍ മുഴക്കുകയോ ലൈറ്റ് തെളിക്കുകയോ ചെയ്തില്ലെന്നും ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ചശേഷം നിര്‍ത്താതെ പോയ കപ്പല്‍ രാവിലെ എട്ടോടെ കോസ്റ്റല്‍ പൊലീസ് പിടികൂടുകയായിരുന്നു.
പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ഈ ചരക്കുകപ്പല്‍ 2000ലാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. 185 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള കപ്പലിനു 48,282 ടണ്‍ ആണ് ആകെ ഭാരം. എന്നാല്‍, കപ്പലിന്റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടണ്‍.
14.3 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗമുള്ള ‘ആംബര്‍-എല്‍’ ജൂണ്‍ ഒന്നിനാണു ചൈനയിലേക്കു യാത്ര പുറപ്പെട്ടത്. 30,000 ടണ്‍ വളമാണു കപ്പലില്‍. ഇന്റര്‍നാഷനല്‍ മാരിടൈം ഓര്ഗനൈസേഷന് (ഐ.എം.ഒ.) നമ്പര്‍ 9200354ല്‍ റജിസ്റ്റര്‍ ചെയ്ത ‘ആംബര്‍-എല്‍’ന്റെ മാരിടൈം മൊബൈല്‍ സര്‍വീസ് ഐഡന്റിറ്റി നമ്പര്‍ (എം.എം.എസ്.ഐ.) 357782000 ആണ്.
പാനമ കൊടിയാണു കപ്പലില്‍ ഉയര്‍ത്തുന്നത്. പാനമയില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടു ചരക്കുകപ്പലുകളാണു പോര്ട്ട്ലാന്ഡില് ഫെബ്രുവരിയില്‍ തടഞ്ഞുവച്ചത്. അറ്റ്ലാന്റിക് റൂബി എന്ന കപ്പലിലും സുരക്ഷാപ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ആംബര്‍ എല്ലിലെ തകരാറുകള്‍ ഗുരുതരമായിരുന്നു.