കരുണാകരനെ പുറത്താക്കാന്‍ റാവു സി.ബി.ഐയെ കരുവാക്കിയെന്ന് സിബി മാത്യൂസ്

0
126

തന്നെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാന്‍ കരുക്കള്‍ നീക്കിയ  കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത്നിന്നും  പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു സിബിഐയെയും കരുവാക്കിയെന്ന് ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യു. അടുത്തിടെ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളിലാണ് മുഖ്യവിവരാവകാശ കമ്മിഷണറായി വിരമിച്ച സിബി മാത്യുവിന്റെ വിവരണം.

സംസ്ഥാന സർക്കാർ ചാരക്കേസിൽ അന്വേഷണം ആവശ്യപ്പെടും മുമ്പുതന്നെ ഡൽഹിയിൽ അതിനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞിരുന്നു. സിബിഐ ഡയറക്ടർ വിജയരാമറാവു തിരുവനന്തപുരത്തെത്തിയതോടെയാണ് കേസന്വേഷണത്തിന്റെ ദിശമാറിയത്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കേരളത്തിലേക്കുള്ള രഹസ്യയാത്രയും സിബിഐ അന്വേഷണത്തിന്റെ ഗതി തിരിച്ചുവിട്ടുവെന്ന് സിബിമാത്യു എഴുതുന്നു.
കേസിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ പേര് പരാമർശിക്കാതിരുന്നിട്ടും രമൺശ്രീവാസ്തവയെ രക്ഷിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് എ വിഭാഗം കരുണാകരന്റെ രാജി ആവശ്യപ്പെട്ടത്. കരുണാകരൻ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ തങ്ങളുടെ മന്ത്രിമാരെ പിൻവലിക്കുമെന്ന് മുസ്ലിം ലീഗ് ഭീഷണിമുഴക്കി. ആ ഒഴിവിൽ എ വിഭാഗം നേതാവായ എ കെ ആന്റണി അവരോധിതനായി. ഈ നീക്കത്തിന് മാണി കേരള കോൺഗ്രസിന്റെയും പിന്തുണയുണ്ടായി.
ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് നരസിംഹറാവുവിന്റെ മകൻ പ്രഭാകര റാവുവിന്റെ പേര് ഉയർന്നുവന്നത് ചാരക്കേസ് തകിടം മറിച്ചുവെന്ന് വിമർശനമുണ്ടായിരുന്നു. പ്രഭാകര റാവുവിനും അയാളുടെ ബിസിനസ് പങ്കാളിയായ ഹൈദരാബാദിലെ വൻ വ്യവസായി രവീന്ദ്ര റെഡ്ഡിയ്ക്കും ഐഎസ്ആർഒയുമായി വഴിവിട്ട ചില ഇടപാടുകളുണ്ടെന്ന് വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ നരസിംഹറാവുവിനെ രോഷാകുലനാക്കിയിരുന്നു. നരസിംഹറാവു തിരുവനന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയതും ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് അനുഭവക്കുറിപ്പിൽ പറയുന്നു.