കാര്‍ഷിക കടം എഴുതിത്തള്ളുന്നവര്‍ പണവും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങളോട് ജെയ്റ്റ്‌ലി

0
121

രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ യാതൊരു മടിയും കാണിക്കാത്ത ബി.ജെ.പി. സര്‍ക്കാര്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളിയ സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയുമായി രംഗത്ത്. കുടിശികയായ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നവര്‍ അതിനുള്ള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദേശിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനങ്ങളോടായി ധനമന്ത്രിയുടെ പ്രതികരണം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള തുകയും സ്വന്തമായി കണ്ടെത്തേണ്ടി വരും. ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നല്‍കാനാകില്ല. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിന് കേന്ദ്ര സഹായം നല്‍കുമോ എന്ന ചോദ്യത്തിനു മറുപടിയായി ജെയ്റ്റ്‌ലി പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയ്ക്ക് ഒപ്പം മധ്യപ്രദേശിലും തമിഴ്നാട്ടിലും കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. മധ്യപ്രദേശില്‍ ആറു പേരാണ് സമരത്തിനിടെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നടത്തിയ സമരം മുഖ്യമന്ത്രി പളനിസ്വാമി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായിരുന്നു. എന്നാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നില്ല. കടക്കെണിയിലകപ്പെട്ട് ദുരിതത്തിലായ കര്‍ഷകര്‍ മറ്റു പോംവഴിയില്ലാതെ സമരരംഗത്തേക്കെത്തുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നീക്കമെന്നത് ശ്രദ്ധേയമാണ്.