കുര്‍ബാനക്ക് വൈന്‍ നല്‍കാന്‍ അപേക്ഷിച്ചത് മാധ്യമങ്ങള്‍ക്ക് നല്‍കി അവഹേളിക്കുന്നു: സൂസപാക്യം

0
92

കുര്‍ബാനയ്ക്ക് വൈന്‍ നല്‍കാന്‍ എക്സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് കൊടുത്ത് അവഹേളിക്കുകയാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കൂര്‍ബാനയുടെ ആവശ്യത്തിനായി അരയോ ഒന്നോ ഔണ്‍സ് വൈന്‍ നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഈ അപേക്ഷയുടെ മറവില്‍ തന്നെ മദ്യപാനിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അളവ് കുറയ്ക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ അതിനും തയാറായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയില്ലെന്നും അപമാനിച്ച് നിശബ്ദനാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തെ എതിര്‍ക്കുന്നവരെയെല്ലാം അവഹേളിക്കുകയാണ് ഇപ്പോഴത്തെ പ്രവണത. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നയം പിന്‍വലിക്കുകയോ തിരുത്തകയോ ചെയ്യേണ്ടത് അനിവാര്യമാണ്. മദ്യവര്‍ജനം നടപ്പിലാക്കേണ്ടത് മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവന്നാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ വെട്ടിക്കുറച്ചത് ഗുണം ചെയ്തിരുന്നെന്നും സൂസപാക്യം പറഞ്ഞു.