കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ഉടന്‍; മന്ത്രിമാരുടെ കാര്യക്ഷമത പരിശോധിക്കുന്നു

0
144

നരേന്ദ്ര മോഡി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ പുനസ്സംഘടന ഉടന്‍ നടന്നേക്കും. ഇതിന്റെ ഭാഗമായി നിലവില്‍ മന്ത്രിമാരായിരിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മുമ്പ് മന്ത്രിസഭാ പുനസ്സംഘടന നടത്തിയപ്പോഴും ചില മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നഷ്ടമാകുകയും ചിലര്‍ക്ക് സ്ഥാനം തന്നെ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ പുനസ്സംഘടനയിലും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് സ്ഥാനം നഷ്ടമാകാനും ചിലര്‍ക്ക് പുതിയ വകുപ്പുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. മുമ്പ് മോഡി മന്ത്രിസഭ പുനസ്സംഘടിപ്പിച്ചപ്പോള്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിക്ക് നഷ്ടമായിരുന്നു. പാര്‍ട്ടി ചുമതലകള്‍ കൂടുതല്‍ നല്‍കാനായാണിതെന്നാണ് പറഞ്ഞതെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങളിലും മോഡിക്ക് വേണ്ടത്ര തൃപ്തിയില്ലാത്തതിനാലായിരുന്നു അത്. അന്ന് പ്രകാശാ ജാവഡേക്കറിനാണ് ആ വകുപ്പ് ലഭിച്ചത്. സ്മൃതി ഇറാനിക്ക് പകരം നല്‍കിയതാകട്ടെ തീരെ അപ്രദാനമായ മറ്റൊരു വകുപ്പും. ഇത്തവണയും ഇത്തരത്തിലാരു നീക്കമാകും നടക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും ഒരാളായിരിക്കുന്നതില്‍ ആര്‍.എസ്.എസ്. നേതൃത്വത്തിന് അതൃപ്തിയുണ്ട്. പക്ഷേ തന്റെ വിശ്വസ്തരില്‍ മറ്റാര്‍ക്കെങ്കിലുമാകണം പ്രധാന വകുപ്പ് നല്‍കേണ്ടത് എന്നതിനാലാണ് മോഡി ആ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്. ഇനിയെങ്കിലും ഒരാളെ പ്രധാന വകുപ്പിന്റെ ചുമതലയിലെത്തിച്ചില്ലെങ്കില്‍ തനിക്ക് തിരിച്ചടിയാകുനെന്ന മോഡിയുടെ കണക്കുകൂട്ടലും മന്ത്രിസഭാ പുനസ്സംഘടനക്ക് വഴിയൊരുക്കുകയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മാറ്റുകൂട്ടാനാകാത്തവരെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നതിലൂടെ മോഡി ലക്ഷ്യമിടുന്നത്. മന്ത്രിമാരുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി അവര്‍ തങ്ങളുടെ ഓഫീസിലെത്തിയ എത്ര ഫയലുകളില്‍ തീരുമാനമെടുത്തു, എത്രനാള്‍ അത് ഓഫീസില്‍ സൂക്ഷിച്ചു എന്നും മറ്റുമുള്ള റിപ്പോര്‍ട്ട് പ്രധാനമന്ത്രി തേടിയിട്ടുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നവ, അധികാരത്തിലിരിക്കുമ്പോള്‍ ലഭിച്ചവ, ആകെ ഫയലുകള്‍, തീരുമാനമെടുത്തവ, തീര്‍പ്പാക്കാനുള്ളവ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായാണ് മറുപടി നല്‍കേണ്ടത്. തീര്‍പ്പാക്കാനുള്ള ഫയലുകള്‍ എത്ര കാലഘട്ടത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും റിപ്പോര്‍ട്ട് നല്‍കണം. പ്രധാനമന്ത്രിക്ക് ലഭിച്ച പരാതികള്‍ അതത് മന്ത്രാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് എടുത്തിട്ടുള്ള നടപടിക്രമങ്ങള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ തവണ മന്ത്രിസഭാ പുനസ്സംഘടനാ സമയത്തും മന്ത്രിമാരുമായി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് വകുപ്പില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ഓരോ മന്ത്രിമാര്‍ക്കും മോഡി സമയം അനുവദിച്ചിരുന്നു. വകുപ്പ് സെക്രട്ടറിമാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമായിരുന്നു അന്ന് പുനസ്സംഘടന നടത്തിയത്. ഇത്തവണയും അത്തരത്തിലൊരു വിലയിരുത്തലിലേക്ക് പോയതിനു ശേഷം മാത്രമായിരിക്കും മന്ത്രിസഭാ പുനസ്സംഘടനയെന്നാണ് പറയുന്നത്.