കേരളത്തില്‍ ആര്‍ക്കുവേണമെങ്കിലും പശുവിനെ കൊല്ലാം; ഒരു വിഭാഗം വിശുദ്ധമെന്ന് കരുതുന്നതുകൊണ്ട് കശാപ്പ് എതിര്‍ക്കാനാകില്ല: ജോര്‍ജ് കുര്യന്‍

0
92

കേരളത്തില്‍ പശുവിനെ കൊല്ലാന്‍ വിലക്കൊന്നുമില്ലെന്ന് ബി.ജെ.പി നേതാവും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനുമായ ജോര്‍ജ് കുര്യന്‍. കേരളത്തില്‍ ആര്‍ക്കുവേണമെങ്കിലും പശുവിനെ കൊല്ലാം. ഗോഹത്യ നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ഇതിന് യാതൊരു തടസവുമില്ല. പശുവിനെ മാതാവും ദൈവാംശവുമൊക്കെയായി ആരാധിക്കുന്നവര്‍ക്ക് അങ്ങനെയും ചെയ്യാം. എന്നാല്‍, പശു ഭക്ഷണത്തിന് ഉപയോഗിക്കുന്ന മൃഗം മാത്രമായി കാണുന്നവര്‍ക്ക് അതിനെ കശാപ്പ് ചെയ്ത് കഴിക്കാനുള്ള അവകാശവുമുണ്ടെന്നും ഇത്തരം അവകാശങ്ങള്‍ക്ക് മേല്‍ വെല്ലുവളി ഉയര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

പശു രാഷ്ട്രീയവും ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള അരക്ഷിതാവസ്ഥയേയും കുറിച്ച് ഒരു മാധ്യമത്തോടു നടത്തിയ പ്രതികരണത്തിലാണ് ജോര്‍ജ് കുര്യന്‍ നിലപാട് വ്യക്തമാക്കിയത്.

ഒരു വിഭാഗം വിശുദ്ധമെന്ന് കരുതുന്നുവെന്ന ഒറ്റക്കാര്യം കൊണ്ട് പശുവിനെ കശാപ്പ് ചെയ്യുന്നതിനെ എതിര്‍ക്കാനാകില്ല. കണ്ണൂരില്‍ ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ കശാപ്പിനെ ഒരാള്‍ക്കും അംഗീകരിക്കാനാകില്ല. ഭക്ഷണത്തിനുവേണ്ടി മൃഗത്തെ കശാപ്പ് ചെയ്യുമ്പോള്‍ അതിനു പാലിക്കേ നിബന്ധനകളുണ്ട്. അതു പാലിക്കാതെ നടുറോഡില്‍ കശാപ്പ് നടത്തിയപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്.
അതേസമയം പാകിസ്ഥാനിലേക്ക് പോകാന്‍ പറയാനുള്ള അവകാശം ആര്‍ക്കുമില്ല. അങ്ങിനെ ആരെങ്കിലും പറഞ്ഞാല്‍ അവരെ അംഗീകരിക്കാനാവില്ല. ഇന്ത്യ എല്ലാവരുടേയുമാണ്. എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ചാണകവും മൂത്രവുമെല്ലാം കാര്‍ഷികവൃത്തിക്ക് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ പശുവിനെ സംരക്ഷിച്ചുനിര്‍ത്താനാകും ദൈവികപദവി നല്‍കി ആരാധനാക്രമം സൃഷ്ടിച്ചിട്ടുണ്ടാകുക. അതുകൊണ്ടാണ് പശുവിനെ കൊല്ലരുതെന്നു പറയുന്നത്. പല സംസ്ഥാനങ്ങളും ഗോഹത്യ നിരോധിച്ചിട്ടുമുണ്ട്. അതിനെ ലംഘിച്ചുള്ള നടപടിയുാകുമ്പോഴാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ കൈകാര്യം ചെയ്യുമെന്ന വെല്ലുവിളി ഉയര്‍ന്നാല്‍ കമ്മിഷന്‍ ഇടപെടും. അതിനു പാര്‍ട്ടിയും പതാകയുമൊന്നും പ്രശ്‌നമായിരിക്കില്ല. നിയമപരിരക്ഷയില്ലാതെ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ ഇടപെട്ടാല്‍ കമ്മിഷന്‍ അനുവദിച്ചുകൊടുക്കില്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.