കോഴിക്കോട് ജില്ലയില്‍ സുരക്ഷ ശക്തമാക്കി നാല് കമ്പനി സായുധ പോലീസ്

0
80

ഇനിയും ആക്രമണങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സായുധ പോലീസിനെ നിയോഗിച്ചു. തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി നാല് കമ്പനി സേനയെ ആണ് പുതിയതായി നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനക്ക് ചുമതല നല്‍കിയിട്ടുണ്ട്. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, ബാലുശേരി കൊയിലാണ്ടി എന്നിവിടങ്ങളിലാണ് സായുധസേന തമ്പടിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ അര്‍ധരാത്രി ബൈക്ക് യാത്ര നിരോധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജില്ലയിലെ വിവിധയിടങ്ങളിലായി പരക്കെ അക്രമസംഭവങ്ങളുണ്ടായിരുന്നു. സി.പി.എം., ആര്‍.എസ്.എസ്.- ബി.ജെ.പി. ഓഫീസുകള്‍ക്ക് നേരെയും അനുബന്ധകെട്ടിടങ്ങള്‍ക്കും നേരെയും അക്രമമുണ്ടായിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ സി.പി.എം. ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ശനിയാഴ്ച്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ അക്രമങ്ങളുണ്ടാകാമെന്ന് കരുതിയാണ് സായുധ സേനയുടെ സഹയാം കൂടുതല്‍ ജില്ലയില്‍ ലഭ്യമാക്കിയത്.