കോവളം കൊട്ടാരം: റവന്യൂ മന്ത്രിക്ക് വി.എസിന്റെ കത്ത്

0
111

കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് കാണിച്ച് വി.എസ്.അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി.

കോവളം കൊട്ടാരം സ്വകാര്യ ഉടമയ്ക്ക് കൈമാറത്തക്ക വിധം നിയമവഴിയിലെ തടസങ്ങളെല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കൊട്ടാരം വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, കൈമാറ്റം റദ്ദാക്കണമെന്നും കാണിച്ച് 2011ല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിവേദിതാ പി ഹരന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേത്തുടര്‍ന്ന് നടത്തിയ വിജിലന്‍സ് കേസുള്‍പ്പെടെ പിന്‍വലിക്കുകയും, അവകാശത്തര്‍ക്ക കേസുകളില്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുകയുമായിരുന്നു. ഈ വിഷയത്തില്‍ നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമുണ്ടായി. 2013ല്‍, കോവളം ഐടിഡിസി ഹോട്ടലിനോടനുബന്ധിച്ച 16 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ സ്വകാര്യ മുതലാളിക്ക് പോക്കുവരവ് ചെയ്തുകൊടുക്കുന്നതുള്‍പ്പെടെ, നിരവധി കള്ളക്കളികളുണ്ടായി. കോവളം കൊട്ടാരം കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗമായി നടന്ന കള്ളക്കളികള്‍ സമഗ്രമായ ഒരന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരാനിടയുള്ളു.

നിരവധി കള്ളക്കളികളുടെ അവസാനം, കൊട്ടാരം ഏറ്റെടുത്ത നടപടി തെറ്റാണെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ച സാഹചര്യത്തിലാണ്, സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്. ഹോട്ടല്‍ മുതലാളിയുടെ വക്കീലായിരുന്ന അഡ്വ. മുകുള്‍ റോത്തഗിയോടുതന്നെ ഈ നിയമോപദേശത്തിനു മേല്‍ നിയമോപദേശം തേടിയതും ഹോട്ടല്‍ ഗ്രൂപ്പിന് തുണയായി. അതെന്തായാലും, കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള അവസാന ശ്രമവും നടത്തുകതന്നെ വേണം. ഈ സാഹചര്യത്തില്‍, സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കുകയേ മാര്‍ഗമുള്ളു. സ്വകാര്യ മുതലാളിയുടെ പണത്തിനും സ്വാധീനത്തിനും കീഴടങ്ങാതെ, നിയമവഴിയില്‍ സര്‍ക്കാര്‍ അവസാനം വരെ പോരാടേണ്ടതുണ്ട്. അതിനുള്ള തീരുമാനങ്ങളെടുത്ത് എത്രയും പെട്ടെന്ന് നടപടികള്‍ നീക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.