ജയിലില്‍ ഫോണ്‍ ഉപയോഗിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയും ചെയ്ത ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളില്‍നിന്ന് വീണ്ടും ജയിലിനുള്ളില്‍വച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള ടി.പി. കേസിലെ പ്രതി അണ്ണന് സജിത്തെന്ന സജിത്തില്നിന്നും ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ബാസിത് അലി എന്നിവരുടെ സെല്ലുകളില്‍നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
ജയില്‍ സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകളും രണ്ട് സിം കാര്‍ഡുകളുമാണ് കണ്ടെത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെയെല്ലാം ഒരുമിച്ച് ഒരു ജയിലില്‍ താമസിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പല ജയിലുകളിലേക്ക് മാറ്റിയത്. ട്രൗസര്‍ മനോജ് എന്ന മനോജ്, അണ്ണന് സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു ടി.പി. വധവുമായി ബന്ധപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. ഇവിടെ ഇവര്‍ക്ക് സുഖവാസമാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊടി സുനി, മുഹമ്മഹ് ഷാഫി, ടി.കെ.രജീഷ് എന്നിവര്‍ തൃശൂര്‍ വിയ്യൂര്‍ ജയിലിലാണ്.
മുമ്പ് കോഴിക്കോട്, വിയ്യൂര്‍ ജയിലുകളില്‍ വച്ച് പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഫെയ്സ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമായതോടെയാണ് ഇവര്‍ അന്ന് പിടിക്കപ്പെട്ടത്.