ഉന്നത നീതിന്യായ രംഗത്തെ അഴിമതി വിളിച്ചു പറഞ്ഞു ആറുമാസം തടവിനു വിധിക്കപെട്ട ജസ്റ്റിസ് കർണന് ഇന്ന് കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്യും.സുപ്രീം കോടതി ശിക്ഷ വിധിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഒളിവിൽ കഴിയുന്ന ജസ്റ്റിസ് കർണന് ഒളിവില്‍ വിരമിക്കുന്ന ആദ്യ ജഡ്ജ് എന്ന പദവിയുമായാണ് വിരമിക്കുന്നത് എന്നതാണ് കൌതുകകരം. ജസ്റ്റിസ് കര്‍ണനെ കണ്ടെത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പശ്ചിമ ബംഗാൾ പൊലീസിന് കഴിഞ്ഞില്ല.
”ഞാൻ തീവ്രവാദിയാണോ? എനിക്ക് അറസ്റ്റിനെയോ തടവിനെയോ പേടിയില്ല. ഞാൻ നെപ്പോളിയനെപ്പോലെയാണ്. ഞാൻ ഡോ.അംബേദ്കറിന്റെ ദത്തുപുത്രനാണ്. കളങ്കപ്പെട്ട ജുഡീഷ്യറിക്കെതിരായ എന്റെ പോരാട്ടമാണ് ഇത്. പൊതുജനം എന്റെ കൂടെയുണ്ട്.” സുപ്രിം കോടതിയുടെ ശിക്ഷാവിധി വന്നപ്പോൾ ജസ്റ്റിസ് കർണൻ പറഞ്ഞ വാക്കുകള്‍ പൊതുജന മനസ്സില്‍ ഇന്നും പ്രതിധ്വനിക്കുന്നുണ്ട്. സുപ്രിം കോടതിയിലേയും ഹൈക്കോടതിയിലേയും നിലവിലുള്ളതും വിരമിച്ചവരുമായ ഇരുപത് ജഡ്ജിമാർ അഴിമതിക്കാരാണ് എന്നു വെളിപ്പെടുത്തിയതാണ് ജസ്റ്റിസ് കർണനെ വിവാദങ്ങളിലേക്കും കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവിലേക്കും തള്ളിയിട്ടത്. അന്ന് മുതല്‍ പോലീസ് തിരച്ചിലിലാണ്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കർണന്റെ സ്വദേശത്തും പൊലീസ് തിരച്ചിൽ നടത്തി. ചെന്നൈയിലും ആന്ധ്രാപ്രദേശിലും തിരച്ചിൽ നടത്തി. സെൽഫോൺ ചെന്നൈയിൽ ഉപേക്ഷിച്ച് കർണൻ പോയത് നേപ്പാളിലേക്കോ മറ്റോ ആയിരിക്കണം എന്നാണ് ഇപ്പോൾ പൊലീസ് കരുതുന്നത്. ജൂൺ 12 ആണ് ജസ്റ്റിസ് കർണന്റെ റിട്ടയർമെന്റ് ദിവസം. ജൂൺ 12 കഴിഞ്ഞാൽ അധികാരം ഇല്ലാതായി മാറുന്ന ജസ്റ്റിസ് കർണനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
തങ്ങള്‍ അഴിമതിക്കാര്‍ എന്ന് മുദ്ര കുത്തപ്പെട്ടപ്പോള്‍ സുപ്രിം കോടതി നടപടി ക്രമങ്ങള്‍ അവഗണിച്ചുകൊണ്ടാണ് കര്‍ണനെതിരെ നടപടി എടുത്തത് എന്ന അഭിപ്രായവും ശക്തമാണ്. സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കണമെങ്കിൽ പാർലമെന്റിൽ കുറ്റവിചാരണ നടത്തി, ഇരുസഭകളിലും പ്രമേയം പാസാക്കിയശേഷം രാഷ്ട്രപതിയുടെ ഉത്തരവോടെയേ സാധ്യമാകൂ. ഇത്രയും സമയമെടുക്കുന്ന പ്രക്രിയയാണ് ധൃതിയിൽ നടപ്പിലാക്കിയത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജിക്ക് തടവുശിക്ഷ വിധിക്കുന്നത്. ജസ്റ്റിസ് കർണൻ എല്ലാ സീമകളും ലംഘിച്ചതായാണ് ചീഫ് ജസ്റ്റിസ് ജെ എസ് കേഹർ അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് കർണന്റെ മാനസിക നില ശരിയല്ലെന്ന് അമിക്കസ് ക്യൂറി കെകെ വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് കെഹാർ ഉൾപ്പെടെ 7 ജഡ്ജിമാർക്ക് പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള പീഡനങ്ങൾക്കെതിരായ വകുപ്പുകൾ ചുമത്തി ജസ്റ്റിസ് കർണൻ ശിക്ഷ വിധിക്കുകയും ചെയ്തു.
ജഡ്ജിമാർക്കെതിരെ ആരോപണമുന്നയിച്ച് കർണൻ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിൽ അഴിമതിക്കാരുടെ ആദ്യപട്ടികയാണ് അതെന്ന് വ്യക്തമാക്കിയിരുന്നു.ഏകാധിപത്യപരമായ ഒരു സംവിധാനമായി ജുഡീഷ്യറി തുടരുന്നത് അതിന്റെ പരമാധികാരം കൊണ്ടാണ്. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകൾക്കോ, നിയോജക മണ്ഡലങ്ങൾക്കോ പാർലമെന്റിനോ ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയക്കാർക്കോ പൊതുജനത്തിനോ അതിൽ ഇടപെടാൻ കഴിയില്ല, അതിൽ ഒരു മാറ്റവും ഇല്ല എന്നതാണ് പ്രശ്നം എന്നും കർണൻ ശിക്ഷിക്കപ്പെട്ട ശേഷം അഭിപ്രായപ്പെട്ടിരുന്നു.”നിലവിലെ സുപ്രിം കോടതി ജഡ്ജിമാരിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. എന്റെ ഭരണാധികാരം തട്ടിപ്പറിച്ചുകൊണ്ടാണ് എനിക്കെതിരെ വിധി പ്രഖ്യാപിച്ചത്. ഇത് തീർത്തും നിയമവിരുദ്ധമാണ്. ഏഴു ജഡ്ജിമാർ എന്നെ അപമാനിക്കാൻ വേണ്ടിയാണ് ഓരോ ഓർഡറുകളും പുറത്തിറക്കിയത്. എന്റെ മാനസിക നില പരിശോധിക്കാനും ഉത്തരവിറക്കി. എന്നെ കുറ്റവിചാരണ നടത്താനുള്ള വിധിയെ ഞാൻ വെല്ലുവിളിക്കുന്നു.
കേസിൽ സുപ്രിം കോടതിയുടെ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഞാൻ അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിനെയും ജസ്റ്റിസ് താക്കൂറിനെയും സമീപിച്ചു. അവർ എന്റെ ആവശ്യം സ്വീകരിച്ചില്ല. എനിക്കെന്തു ചെയ്യാൻ കഴിയും? ഞാൻ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന കാലത്ത് തന്നെ ഇത്തരം നിയമലംഘനങ്ങൾ കണ്ടിട്ടുണ്ട്, ഞാനൊട്ടും സന്തോഷത്തിലായിരുന്നില്ല. ജഡ്ജ് ആയി നിയമിതനായ ശേഷം മനസ്സിലായി മദ്രാസ് ഹൈക്കോടതിയിലെ പല ജഡ്ജിമാരും ക്രിമിനലുകളേക്കാൾ മോശമായിരുന്നു എന്നെനിക്ക് മനസ്സിലായി. അവരുടെ നിയമവിരുദ്ധ പ്രവൃത്തികളും അഴിമതിയും കസ്റ്റഡിയിലെ റേപ്പുകളും ജാതി വിവേചനവും എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.” കർണൻ പറഞ്ഞു.പല ഹൈക്കോടതികളിലായി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ദലിതരെയും ആദിവാസികളെയും ജഡ്ജിമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് കർണൻ സുപ്രിം കോടതിയിൽ നിവേദനം നൽകിയിരുന്നു എന്ന് കർണൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.