ജിഎസ്ടി : 66 ഉൽപ്പന്നങ്ങളുടെ നികുതി പരിഷ്‌കരിച്ചു

0
102

കയർ, കശുവണ്ടി, സിനിമാ ടിക്കറ്റ്, ഇൻസുലിൻ തുടങ്ങി 66 ഓളം ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് പരിഷ്‌കരിക്കാൻ ജിഎസ്ടി കൌൺസിൽ യോഗത്തിൽ തീരുമാനം. കയറിന്റെയും കശുവണ്ടിപ്പരിപ്പിന്റെയും നികുതി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കണമെന്ന ആവശ്യം നേടിയെടുക്കാനായത് കേരളത്തിന്റെ നേട്ടമായി. അതേസമയം, പ്‌ളൈവുഡിന്റെ നികുതി 28 ശതമാനമായി ഉയർത്തി. 100 രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകൾക്ക് 18 ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനം നികുതി ചുമത്തും. അനുമാന നികുതിയുടെ വിറ്റുവരവ് പരിധി 50 ലക്ഷത്തിൽനിന്ന് 75 ലക്ഷമായി ഉയർത്തിയത് ചെറുകിട വ്യാപാരികൾക്കും ഉൽപ്പാദകർക്കും ഹോട്ടലുടമകൾക്കും സഹായകമാകും. അതേസമയം, എ സി ഇല്ലാത്ത ചെറുഭക്ഷണശാലകളെ അഞ്ചു ശതമാനം അനുമാന നികുതി പരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കം തിരിച്ചടിയാകും.

ഇൻസുലിൻ, ഐസ്, അഗർബത്തി എന്നിവയുടെ നികുതി 12ൽനിന്ന് 5 ശതമാനമാക്കി. കംപ്യൂട്ടർ പ്രിന്റർ, സ്‌കൂൾ ബാഗ്, ടാർപ്പായ, കൺമഷി- 18 ശതമാനം, അച്ചാർ, സോസ്, സാനിറ്ററി നാപ്കിൻ- 12 ശതമാനം തുടങ്ങി ആകെ ശുപാർശ ചെയ്യപ്പെട്ട 133 ഉൽപ്പന്നങ്ങളിൽ 66 എണ്ണത്തിന്റെയും നികുതി പരിഷ്‌കരിക്കാൻ ധാരണയായതായി ധനമന്ത്രി അരുൺജെയ്റ്റ്‌ലി അറിയിച്ചു. ലോട്ടറി, ഹൈബ്രിഡ്കാർ, ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ധാരണയായില്ല. ചരക്കുലോറികളിലെ ഇൻവോയ്‌സ് ഓൺലൈൻ വഴി പരിശോധിക്കുന്ന ഇ-വേ ബില്ലിന്റെ കാര്യത്തിലും തർക്കം തുടരുകയാണ്.

ജിഎസ്ടി നടപ്പാക്കുന്നതോടെ ഇ-വേ സംവിധാനം നിലവിൽ വരുമെന്നും അതിനാൽ സംസ്ഥാനങ്ങളിൽ ചെക്ക്‌പോസ്റ്റ് പരിശോധന ആവശ്യമില്ലെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇ-വേ സംവിധാനം പൂർണസജ്ജമാക്കാൻ അഞ്ചു മാസമെങ്കിലും എടുക്കുമെന്നതിനാൽ അതുവരെ ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. തർക്കവിഷയങ്ങളിൽ 18ന് ചേരുന്ന അടുത്ത ജിഎസ്ടി കൌൺസിൽ യോഗം തീരുമാനമെടുക്കും.

പ്രാദേശിക സിനിമകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റുകൾക്ക് രണ്ടു തരത്തിലുള്ള നികുതി ചുമത്താൻ നിശ്ചയിച്ചത്. നേരത്തെ 250 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനം നികുതി ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ സിനിമാ സംഘടനകൾ രംഗത്തെത്തി. നിലവിൽ വിവിധ സംസ്ഥാനങ്ങൾ 28 മുതൽ 110 ശതമാനംവരെ വിനോദനികുതി പിരിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങൾ പ്രാദേശിക ഭാഷകളിലുള്ള സിനിമകൾക്ക് ഇളവ് അനുവദിക്കുന്നുണ്ട്. ഇളവ് അനുവദിക്കുന്ന സംസ്ഥാനങ്ങൾ ജിഎസ്ടി തുക കേന്ദ്രത്തിലേക്ക് തിരിച്ചടയ്ക്കണം. ജിഎസ്ടി നടപ്പാക്കുമ്പോൾ ചെറുകിട വ്യവസായ, ഉൽപ്പാദനമേഖലകൾക്ക് തിരിച്ചടിയുണ്ടാകുമെന്ന പരാതി ശക്തമായതോടെയാണ് അനുമാന നികുതിയുടെ വിറ്റുവരവ് പരിധി 50 ലക്ഷത്തിൽനിന്ന് 75 ലക്ഷമായി ഉയർത്തിയത്. ഒന്ന്, രണ്ട്, അഞ്ച് എന്നിങ്ങനെ മൂന്ന് സ്‌ളാബിൽ അനുമാന നികുതി പിരിക്കും. നിലവിൽ അരശതമാനം സേവന നികുതി നൽകുന്ന ചെറിയ റെസ്റ്റോറന്റുകളെ അഞ്ചു ശതമാനം സ്‌ളാബിലേക്ക് മാറ്റുന്നത് വലിയ തിരിച്ചടിയാകുമെന്ന് കേരളം വാദിച്ചെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. കശുവണ്ടിപരിപ്പിനും കയറിനും നികുതി കുറയ്ക്കണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നു.