സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കുറവാണെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടു പോകുന്നു. തന്റെ ദീര്‍ഘകാല സുഹൃത്തായ ഡാമിയന്‍ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി മേ നിയമിച്ചു. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഉപപ്രധാനമന്ത്രിക്കു തുല്യമായ പദവിയാണുള്ളത്. ധനമന്ത്രിയായ ഫിലിപ് ഹാമണ്ട് അടക്കം അഞ്ചു മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാര്‍ക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോണ്‍സനും ഡേവിഡ് ഡേവിസ് ബ്രൈക്സിറ്റ് സെക്രട്ടറിയായും മൈക്കിള്‍ ഫാലന് പ്രതിരോധ മന്ത്രിയായും തുടരും. ക്യാബിനറ്റിലെ അഞ്ചു മന്ത്രിമാര്‍ തെരേസ മേ രാജിവയ്ക്കണമെന്നും വിദേശകാര്യ മന്ത്രി ബോറിസ് ജോണ്സണ് അധികാരമേറ്റെടുക്കണമെന്നും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബോറിസ് ജോണ്‍സണു വേണ്ടി പാര്‍ട്ടിയിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങളാണു മേയുടെ പുതിയ തലവേദന. കഴിഞ്ഞ വര്‍ഷം അധികാരമേറ്റപ്പോള്‍ മേ പുറത്താക്കിയ ധനമന്ത്രി ജോര്‍ജ് ഓസ്ബോണാണ് മേയ്ക്കു പിന്തുണ നല്കുന്നതു സംബന്ധിച്ചു പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന സൂചന നല്‍കുന്നത്. എന്നാല്‍, അത്തരമൊരു നീക്കമില്ലെന്നു ബോറിസ് ജോണ്സണ് പ്രതികരിച്ചു.
മേയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്കാന് വടക്കന്‍ അയര്‍ലന്‍ഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി.) തയാറായേക്കുമെന്നാണു സൂചനയുടെ പശ്ചാത്തലത്തിലാണ് തീരുമാനങ്ങള്‍. തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവുള്ള മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന ഡി.യു.പിയുടെ പിന്തുണയോടുകൂടി മാത്രമേ ഭരണം നിലനിര്‍ത്താന്‍ കഴിയൂ.