ദുരന്തങ്ങൾ തുടർക്കഥയാക്കി വിദേശ കപ്പലുകളുടെ നിയമ ലംഘനം
കൊച്ചിയില്‍ രണ്ടു മത്സ്യ തൊഴിലാളികളുടെ കുടുംബത്തെ അനാഥമാക്കിയ പനാമന്‍ കപ്പല്‍ ആംബർ എല്ലാ നിയമവും ലംഘിച്ചാണ് എത്തിയതെന്ന് പ്രാഥമീക റിപ്പോര്‍ട്ട്. ഇന്ത്യൻ മാരിടൈം ഓർഗനൈസേഷൻ മാനദണ്ഡം അനുസരിച്ച് കപ്പലുകൾ കപ്പൽ ചാലുകളിലൂടെ മാത്രമെ സഞ്ചരിക്കാവു. തീരത്തോട് ചേർന്ന് വരാൻ പാടില്ല. എന്നാൽ, 14 നോട്ടിക്കൽ മൈൽ മാത്രം ദൂരത്താണ് ഇൗ കപ്പൽ സഞ്ചരിച്ചത്. കപ്പലിന്റെ സഞ്ചാര ദിശയില്‍ മാറ്റം വന്നതാണ് അപകട കാരണം എന്നാണു തീര സംരക്ഷണ സേനയുടെയും പോലീസിന്റെയും ആദ്യ നിഗമനം.
അന്താരാഷ്ട്ര നിയമപ്രകാരവും ഐ.എം.ഒ മാനദണ്ഡം അനുസരിച്ചും എല്ലാ കപ്പലുകളിലും ഓരോ നിരീക്ഷകരുണ്ടാകേണ്ടതുണ്ട്. കിലോമീറ്ററുകൾ ദൂരെ വരെ വ്യക്തമായി കാണാൻ കഴിയുന്ന നൈറ്റ് വിഷൻ െടലിസ്കോപ് ഉപയോഗിച്ച് സദാ നിരീക്ഷണത്തിലേർപ്പെടേണ്ടവരാണിവർ. ദൂരെ ബോട്ടുകളോ മറ്റു തടസ്സങ്ങളോ കണ്ടാൽ ഉടൻ ക്യാപ്റ്റനെ അറിയിക്കണം.ക്യാപ്റ്റൻ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ബോട്ടുകൾ മാറ്റാനുള്ള സാഹചര്യമൊരുക്കണം. ബോട്ടിലുള്ളവർക്ക് കാര്യം വ്യക്തമായിട്ടില്ലെങ്കിൽ ആകാശത്തേക്ക് വെടിവെക്കണം. അതും ഫലിച്ചില്ലെങ്കിൽ വെള്ളം ചീറ്റിച്ച് സൂചന നൽകണം. എന്നിട്ടും ഫലമില്ലെങ്കിൽ കപ്പൽ നിർത്തണം. എന്നാൽ ഇവയൊന്നും ഇവിടെ ഉണ്ടായിട്ടില്ല. കപ്പൽ പോർട്ട് ട്രസ്റ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്താത്തതിലും പ്രതിഷേധമുണ്ട്. ഇത് ഇറ്റാലിയൻ നാവികരുടേതിന് സമാന രീതിയിൽ കേസ് എത്താൻ ഇടയാക്കും. കപ്പലുകളിൽ യാത്ര വിവരങ്ങൾ രേഖപ്പെടുത്തുന്ന ലോഗ്ബുക്ക്, ഡേറ്റ റെക്കോർഡർ, എ.ഐ.എസ് സംവിധാനം എന്നിവയുണ്ട്. ഇവയിലെ രേഖകൾ തെളിവെടുപ്പിന് മുമ്പ് മായിച്ചു കളയുന്ന സാഹചര്യമുണ്ടായാൽ തെളിവുകൾ ഇല്ലാതാവുകയും ഉത്തരവാദികൾ നിയമത്തിന് മുന്നിൽ രക്ഷപ്പെടുകയും ചെയ്യും. ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്.
ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതെറിപ്പിച്ച കപ്പലിനെ പിടികൂടിയത് ലൈറ്റണച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് . പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എൽ എന്ന കപ്പലിനെയാണ് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കത്തിനിടെ തീരസംരക്ഷണ സേന നാവിക സേനയുടെ സഹായത്തോടെ കുടുക്കിയത്. കൊച്ചി തീരത്തെത്തിച്ച കപ്പലിനെതിരെ മാരിടൈം നിയമപ്രകാരം കേസെടുക്കുമെന്ന് കോസ്റ്റൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഞായറാഴ്ച്ച പുലർച്ചെയാണ് ഇന്ത്യൻ സമുദ്രാതിർത്തിയിൽ ദുരന്തമുണ്ടായത്. തോപ്പുംപടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനുപോയ കാർമൽ മാത എന്ന ബോട്ടിനെ ആംബർ എൽ എന്ന കപ്പൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൊച്ചി തീരത്ത് നിന്നും 30 നോട്ടിക്കൽ മെയിൽ (25.9 കിലോമീറ്റർ) അകലെയായിരുന്നു അപകടം. ഈ സമയം 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 11 പേർ രക്ഷപ്പെട്ടു. കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത മേഖലിയൂടെ കടന്നുപോകവെയായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കോസ്റ്റ് ഗാർഡ് പൊലീസ് അറിയിച്ചു.
അപകടമുണ്ടാക്കിയ ശേഷം കടലിൽ വീണ തൊഴിലാളികളെ രക്ഷിക്കാൻപോലും കൂട്ടാക്കാതെ കപ്പൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് തീരസംരക്ഷണ സേന നൽകുന്ന സൂചന. അർധരാത്രിയിൽ രണ്ടുമണിയോടെയായിരുന്നു അപകടം. കാറ്റും കോളുമുണ്ടായിരുന്നതിനാൽ തന്നെ സമീപത്തെ ബോട്ടുകൾക്കോ കപ്പലുകൾക്കോ ശബ്ദം പോലും കേൾക്കാൻ കഴിയുമായിരുന്നില്ല. കപ്പലിന്റെ ഇടിയിൽ ബോട്ട് നിശേഷം തകർന്നിരുന്നു. ഒടിഞ്ഞുതൂങ്ങിയ ബോട്ടിൽ നിന്നും മത്സ്യതൊഴിലാളികൾ രക്ഷപ്പെടാനായി അലറി വിളിക്കുമ്പോഴും ഇതൊന്നും കേൾക്കാതെ ലൈറ്റണച്ച് രക്ഷപ്പെടാനായിരുന്നു കപ്പലിന്റെ നീക്കം. അപകടം നടക്കുമ്പോൾ സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടാണ് ഒടുവിൽ രക്ഷക്കെത്തിയത്. അല്ലായിരുന്നുവെങ്കിൽ മരണസംഖ്യ ഇതിലും കൂടിയേനെ.
സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഉണർന്നു പ്രവർത്തിച്ചു. നാവിക സേനയുടെ റഡാറിന്റെ സഹായത്തോടെ കപ്പലിന്റെ റൂട്ട് മനസിലാക്കിയ സേന ഇന്നലെ രാവിലെ എട്ടോടെ കപ്പൽ ആഴക്കടലിൽ നിന്നും കസ്റ്റഡിയിലെടുത്തു കൊച്ചിയിലെത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന വിദേശ കപ്പലുകൾക്ക് നേരെ അധികൃതർ കണ്ണടക്കുന്നതാണ് കടലിൽ തുടർക്കഥയാവുന്ന അപകടങ്ങൾക്ക് കാരണം. അനേകം മത്സ്യത്തൊഴിലാളികളുടെ ജീവൻ കുരുതി കഴിക്കപ്പെട്ടിട്ടും വിദേശ കപ്പലുകളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇറ്റാലിയൻ നാവികർ 2012ൽ മത്സ്യത്തൊഴിലാളികളെ വെടിെവച്ച് കൊന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എൻറിക ലെക്സി എന്ന ഇൗ കപ്പലിലെ നാവികർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പോലും കഴിഞ്ഞില്ല. അതേവർഷം കൊല്ലത്ത് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. അതിനുശേഷം ചെറുതും വലുതുമായ ആറ് അപകടങ്ങൾ കൊച്ചിയിൽ മാത്രം ഉണ്ടായിട്ടുണ്ട്.
മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ‘ആംബർ-എൽ’ എന്ന ചരക്കുകപ്പൽ ബൾക്കർ കാർഗോ ഷിപ്പ് ഗണത്തിൽപ്പെടുന്നതാണ്. പാനമയിൽ രജിസ്റ്റർ ചെയ്ത ഈ ചരക്കു കപ്പൽ 2000ലാണ് നിർമാണം പൂർത്തിയാക്കിയത്. 185 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഭീമാകാരനായ കപ്പലിന് 48,282 ടൺ ആണ് ആകെ ഭാരം. എന്നാൽ, കപ്പലിന്റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടൺ.വലിയ അളവിൽ ഭക്ഷ്യധാന്യങ്ങൾ, കൽക്കരി, സിമന്റ്, അസംസ്കൃത വസ്തുക്കൾ, എണ്ണ, പെട്രോൾ, മറ്റ് ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ചരക്കു കപ്പലിനെയാണ് ‘ബൾക്കർ കാർഗോ ഷിപ്പ്’ എന്ന പേരിൽ അറിയപ്പെടുന്നത്. 14.3 നോട്ടിക്കൽ മൈൽ പരമാവധി വേഗതയുള്ള ‘ആംബർ-എൽ’ ജൂൺ ഒന്നിന് ചെങ്കടലിൽ നിന്നാണ് കൊച്ചി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ജൂൺ 11ന് പുലർച്ചെ രണ്ട് മണിക്ക് മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പൽ, ആ സമയം മുതൽ കൊച്ചി പുറംകടലിൽ ഉള്ളതായി ലോകത്തിലെ കപ്പലുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഷിപ്പിങ് എക്സ്പ്ലോറർ എന്ന വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷനൽ മാരിടൈം ഒാർഗനൈസേഷൻ (ഐ.എം.ഒ) നമ്പർ 9200354ൽ രജിസ്റ്റർ ചെയ്ത ‘ആംബർ-എൽ’ന്റെ മാരിടൈം മൊബൈൽ സർവീസ് ഐഡന്റിറ്റീസ് നമ്പർ (എം.എം.എസ്.ഐ) 357782000 ആണ്. ‘3FTE9’ എന്ന കോൾ സൈൻ നമ്പറിലാണ് ഈ കപ്പൽ അറിയപ്പെടുന്നത്. പാനമ കൊടിയാണ് കപ്പലിൽ ഉയർത്തുന്നത്.