ഫെയ്‌സ്ബുക്കിലൂടെ ദൈവനിന്ദക്ക് ലോകത്ത് ആദ്യമായി വധശിക്ഷ പാകിസ്ഥാനില്‍

0
93

സമൂഹമാധ്യമത്തിലൂടെ ദൈവനിന്ദ നടത്തിയതിനുള്ള ആദ്യ വധശിക്ഷ പാകിസ്ഥാനില്‍. പാക് ഭീകരവാദ വിരുദ്ധ കോടതിയാണ് പാകിസ്ഥാനിലെ ഒക്കാറയില്‍നിന്നുള്ള തൈമൂര്‍ റാസയെന്ന യുവാവിന് പരമാവധി ശിക്ഷ വിധിച്ചത്.

മുസ്ലിം രാജ്യമായ പാകിസ്ഥാനില്‍ പ്രവാചകന്‍ നബിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ഏറ്റവും ശക്തമായ കുറ്റമാണ്. പ്രധാനമന്ത്രി നവാസ് ഷെരീഫിനും പാക്ക് സര്‍ക്കാരിനുമെതിരായ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് തൈമൂര്‍ റാസ, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതത്രെ.

നബിക്കെതിരെയും അദ്ദേഹത്തിന്റെ ഭാര്യമാര്‍ക്കെതിരെയും സഹയാത്രികര്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ചതിനാണ് വധശിക്ഷയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഷാഫിഖ് ഖുറേഷി പറഞ്ഞു. പ്രവാചകനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തൈമൂറിനെ അറസ്റ്റ് ചെയ്തത്. സംഭവം വിദ്വേഷപ്രസംഗത്തിന്റെ ഗണത്തില്‍പെടുന്നതിനാലാണ് ഭീകരവാദ വിരുദ്ധ കോടതി കേസ് പരിഗണിച്ചതെന്നും ഖുറേഷി അറിയിച്ചു.

റാസക്ക് തനിക്കെതിരായ വിധയോ ചോദ്യം ചെയ്ത് ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കാവുന്നതാണ്.