ബാധ ഒഴിപ്പില്‍ ചടങ്ങില്‍ പങ്കെടുത്ത ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍

0
102

ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത രണ്ട് ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍. ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍
ഗുജറാത്ത് വിദ്യാഭ്യാസ റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാര്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ടിവി9 ഗുജറാത്തി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മന്ത്രിമാര്‍ വിവാദത്തില്‍ പെട്ടത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശ്വാസികള്‍ എത്തുകൂടിയ സ്ഥലത്ത് പോകുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആ മേഖലയിലെ എം.എല്‍.എമാരും ഇതില്‍ പങ്കെടുത്തെന്നുമാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ റിപ്പോര്‍ട്ട്. ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനെത്തിയ നൂറോളം മന്ത്രവാദികള്‍ക്ക് രണ്ടു മന്ത്രിമാരും ഹസ്തദാനം നല്‍കിയെന്നും പറയുന്നു. ദിവ്യശ്കതിയെ ആരാധിക്കുന്ന ഒരു വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് മന്ത്രി ചുടാസമ പ്രതികരിച്ചു. അവര്‍ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നവര്‍ അല്ലെന്നും മന്ത്രി പറഞ്ഞു.

സംഭവം പുറത്തായതോടെ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ യുക്തിവാദിയും എന്‍.ജി.ഒ. പ്രവര്‍ത്തകനുമായ ജയന്ത് പാണ്ഡ്യ രംഗത്തെത്തി.